ബിനോയ് ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് മുംബൈ പോലീസ്

തിരുവനന്തപുരം: ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിയോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. മുംബൈ ഓഷിവാര പോലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്. അതിനിടെ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നാണ് ബീഹാർ സ്വദേശിനിയായ പരാതിക്കാരിയുടെ അവകാശവാദം. ബിനോയിയുമായുള്ള വാട്ട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം.

യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. ഇത്തരം ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കും. ചോദ്യം ചെയ്യലിനായി ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ യുവതിയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുകയെന്നതാണ് പോലീസിന്റെ ലക്ഷ്യം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാനും സാധ്യതയുണ്ട്.