മുംബൈ പോലീസ് തീവ്രവാദ വിരുദ്ധ വിഭാഗം മുന്‍ തലവനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മുംബൈ: മുംബൈ പോലീസ് തീവ്രവാദ വിരുദ്ധ വിഭാഗം മുന്‍ തലവന്‍ ഹിമാന്‍ഷു റോയിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി.  മുംബൈയിലെ വീട്ടില്‍ വച്ച് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് തലയില്‍ നിറയൊഴിക്കുകയായിരുന്നു.  അര്‍ബുദ രോഗബാധിതതനായിരുന്നു അദ്ദേഹം.  ഇതിനെതുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അവധിയിലായിരുന്നു.

തീവ്രവാദ വിരുദ്ധ വിഭാഗം തലവനായിരുന്നതുകൊണ്ട് തന്നെ മരണം സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് പുറത്തുവിട്ടിട്ടില്ല. രോഗബാധയെ തുടര്‍ന്ന് അദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.

മുംബൈ പോലീസിലെ സമര്‍ത്ഥരായ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ഹിമാന്‍ഷു റോയ്.  കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.  മുംബൈ ഭീകരാക്രമണം, 2013ലെ ഐപിഎല്‍ വാതുവയ്പ് തുടങ്ങിയ കേസുകളുടെ അന്വേഷണ ചുമതല അദ്ദേഹത്തിനായിരുന്നു. വിജയ് പലാന്‍ഡേ, ലൈലാ ഖാന്‍ ഇരട്ടകൊലക്കേസ്, മാധ്യമപ്രവര്‍ത്തകന്‍ ജെ ഡേയുടെ വധക്കേസ് തുടങ്ങിയ കേസുകള്‍ തെളിയിച്ചത് ഹിമാന്‍ഷു റോയ് ആണ്. മുംബൈ അധോലോകത്തെ കുടിപ്പകയുടെയും ഗാംഗ് വാറിന്റെയും ഭാഗമായ നിരവധി കൊലപാതകകേസുകള്‍ അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു. നിരവധി സായുധ ഓപ്പറേഷനുകളിലും ഹിമാന്‍ഷു റോയ് പങ്കെടുത്തിട്ടുണ്ട്.