ആദ്യം ബൂത്ത് പിടിത്തം; പിന്നെ ഭരണം പിടിക്കാം; നേതാക്കന്‍മാരെ ഇരുത്തിപ്പൊറുപ്പിക്കാതെ മുല്ലപ്പള്ളി

കേരളത്തിലെ കോണ്‍ഗ്രസിനെ അടിമുടി പരിഷ്‌കരിക്കുകയെന്ന ദൗത്യത്തില്‍ വിട്ടു വീഴ്ചയില്ലാതെ മുന്നേറുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.നേതാക്കളുടെ കൂട്ടം മാത്രമാണ് പാര്‍ട്ടിയെന്ന ദുഷ്‌പേര് മാറ്റാന്‍ ബൂത്ത് തലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിന് സംസ്ഥാനത്തെ തലമുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ സാന്നിധ്യം ഉറപ്പാക്കിയാണ് മുല്ലപ്പള്ളി തുടക്കം കുറിച്ചത്.നേതാക്കളുടെ സ്വന്തം ബൂത്തുകളില്‍ പോലും തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പിന്നോട്ട് പോകുന്നതും സംഘടനാ സംവിധാനം ഇല്ലാത്തതും കേന്ദ്ര നേതൃത്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.ഭാരവാഹികളുടെ പുനസംഘടനക്കു മുന്‍പ് പാര്‍ട്ടിയുടെ ഈ അടിസ്ഥാന പ്രശ്‌നം പരിഹരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം ഏറ്റെടുത്താണ് സംസ്ഥാനത്തെ 24970 ബൂത്തുകളിലും ‘മൈ ബൂത്ത് മൈ പ്രൈഡ്’ എന്ന മുദ്രാവാക്യവുമായി പുനസംഘടനാ പരിപാടിക്ക് തുടക്കമായത്.രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് പിസിസി അധ്യക്ഷനായി എത്തിയ ശേഷം ബൂത്ത് തലം മുതല്‍ നടത്തിയ പുനസംഘടന പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്‌തെന്നും ഈ മാത്യക കേരളവും പിന്തുടരണമെന്നും രാഹുല്‍ നിര്‍ദേശിക്കുകയായിരുന്നു.ദേശീയനേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ നേതാക്കളും അവരവരുടെ ബൂത്തുകമ്മിറ്റികളില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

മുന്‍പ് സംഭവിച്ചതുപോലെ പേരിനും ഫോട്ടോക്കും വേണ്ടിയാകരുത് ബൂത്ത് കമ്മിറ്റികള്‍ കൂടേണ്ടതെന്നും പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനുള്ള അവസരമായി അതിനെ കാണണമെന്നും  മുല്ലപ്പള്ളി വ്യക്തമാക്കിയിട്ടുണ്ട്.പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിസിസി നേതൃയോഗങ്ങളിലെല്ലാം പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ തുറന്ന് പറഞ്ഞും അതിന് കാരണക്കാരായവരെ പരസ്യമായി ശാസിച്ചുമാണ് മുല്ലപ്പള്ളി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് ഡിസിസി യോഗത്തില്‍ വി ടി ബലറാം അടക്കമുള്ളവര്‍ക്ക് മുല്ലപ്പള്ളിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

ബൂത്ത് പുനസംഘടന ഒക്ടോബര്‍ 25നകം പൂര്‍ത്തിയാക്കാനാണ് കെപിസിസി തീരുമാനം.കഴിഞ്ഞദീവസം ജഗതിയിലെ 92ാം നമ്പര്‍ ബൂത്ത് യോഗത്തില്‍ അവിടത്തെ താമസക്കാരനായ എ കെ ആന്റണിയായിരുന്നു ഉദ്ഘാടകന്‍.എം എം ഹസന്റെ വീട്ടിലായിരുന്നു യോഗം.

24ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകര അഴിയൂരിലെ 18ാം നമ്പര്‍ ബൂത്തിലും 25ന് ഉമ്മന്‍ചാണ്ടി പുതുപ്പള്ളി അങ്ങാടി ബൂത്തിലും കമ്മിറ്റിക്കെത്തും.23ന് കെ സി വേണുഗോപാല്‍ ആലപ്പുഴ കളര്‍കോട് 61ാം ബൂത്തിലും കെ സുധാകരന്‍ കണ്ണൂര്‍ താളിക്കാവ് 82ാം ബൂത്തിലും കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര കിഴക്കേകര ബൂത്തിലും പുനസംഘടനാ യോഗത്തില്‍ പങ്കെടുക്കും

രമേശ് ചെന്നിത്തല തൃപ്പെരുന്തുറയിലും കെ മുരളീധരന്‍ ജവഹര്‍ നഗറിലും എംഎ ൈഷാനവാസ് ആനയംകുന്നിലും ബൂത്ത് കമ്മിറ്റികളില്‍ സാന്നിധ്യമാകും.സംസ്ഥാന നേതാക്കള്‍ക്കൊപ്പം ജില്ലാ -ബ്ലോക്ക് നേതാക്കളടക്കം മുഴുവന്‍പേരും ബൂത്തുകളിലേക്ക് ഇറങ്ങുന്നതോടെ സംഘടനക്ക് പുതിയ ഉണര്‍വുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ഇനിയുള്ള സമയം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമെതിരായ പ്രതിഷേധ പരിപാടികളിലുടെ സജീവമാക്കി നിര്‍ത്താനാണ് ലക്ഷ്യം.പാര്‍ട്ടി പരിപാടികള്‍ക്ക് പ്രവര്‍ത്തകര്‍ സജീവമാകണമെങ്കില്‍ നേതാക്കള്‍ അവര്‍്കകൊപ്പമുണ്ടാകണമെന്ന ആശയമാണ് എന്ത് വിലകൊടുത്തും പ്രാവര്‍ത്തികമാക്കാന്‍ മുല്ലപ്പള്ളിയും സംഘവും തയ്യാറെടുക്കുന്നത്.നേതാവായിക്കഴിഞ്ഞാല്‍ വിമര്‍ശനത്തിന് അതീതരെന്ന കോണ്‍ഗ്രസിലെ പതിവു കൂടിയാണ് മുല്ലപ്പള്ളി ഇപ്പോള്‍ നേതൃയോഗങ്ങളില്‍ തിരുത്തിക്കുറിക്കുന്നതും.