താലിബാന്‍ നേതാവിന്റെ താവളം യുഎസ് സൈനിക കേന്ദ്രത്തിന് തൊട്ടടുത്തെന്ന് വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്: താലിബാന്‍ നേതാവായ മുല്ല ഒമറിന്റെ താവളം അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക കേന്ദ്രത്തിന്റെ തൊട്ടടുത്തായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഡച്ച് മാധ്യമപ്രവര്‍ത്തകയായ ബെറ്റെ ഡാം രചിച്ച ‘സെര്‍ച്ചിംഗ് ഫോര്‍ ദ എനിമി’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2006 മുതല്‍ അഞ്ച് വര്‍ഷത്തോളം അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ബെറ്റെ ഡാം പ്രവര്‍ത്തിച്ചിരുന്നു.

അമേരിക്കന്‍ കമാന്‍ഡോകള്‍ ഒരു തവണ വളഞ്ഞ് പരിശോധിച്ചെങ്കിലും രഹസ്യ മുറിയിലായിരുന്ന മുല്ല ഒമറിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സാബുള്‍ പ്രവിശ്യയിലെ യുഎസ് സൈനിക കേന്ദ്രത്തില്‍ നിന്ന് മൂന്നു മൈല്‍ അകലെയുള്ള കെട്ടിടത്തിലേക്ക് മുല്ല ഒമര്‍ താമസം മാറി. മുല്ല ഒമര്‍ ഒരിക്കലും പാക്കിസ്ഥാനില്‍ ഒളിച്ച് താമസിച്ചിട്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.

2001 സെപ്റ്റംബര്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമാണ് അഫ്ഗാന്‍ അധിനിവേശത്തിലേക്ക് അമേരിക്കയെ നയിച്ചത്. അന്നുമുതല്‍ ഒളിവില്‍ കഴിഞ്ഞ മുല്ല ഉമറിന്റെ തലയ്ക്ക് 10 ദശലക്ഷം ഡോളറാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്നതെന്നും പിന്നീട് അവിടെത്തന്നെ മരണപ്പെട്ടുവെന്നുമായിരുന്നു അമേരിക്കയുടെ വാദം.