ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം: ഗഡ്കരി

ന്യൂഡൽഹി∙ മോട്ടോര്‍ വാഹന നിയമത്തിലെ പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. അപകടം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും പണമുണ്ടാക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. പിഴത്തുക വൻതോതിൽ വർധിപ്പിച്ചത് നടപ്പാക്കാൻ സാധിക്കില്ലെന്ന് ചില സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരുന്നു.

മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതലാണ് കനത്ത പിഴ ഈടാക്കിത്തുടങ്ങിയത്. നിയമലംഘനത്തിന് നേരത്തെയുണ്ടായിരുന്ന പിഴയുടെ പത്തിരട്ടിയോളമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ കനത്തപിഴ ഈടാക്കുന്നതിനെതിരേ പരാതികള്‍ വ്യാപകമായതോടെ പല സംസ്ഥാനങ്ങളും പുതിയ പിഴ ഈടാക്കുന്നതില്‍ നിന്ന് പിന്നോട്ടുപോയിരുന്നു.പിഴത്തുക വർധിപ്പിച്ചുള്ള തീരുമാനം പിൻവലിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ ഒരിക്കൽ വിജ്ഞാപനം ചെയ്ത നിയമം പിൻവലിക്കാൻ കഴിയില്ലെന്ന നിയമോപദേശമാണ് ലഭിച്ചത്.

അതേസമയം ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ ഗതാഗതനിയമ ലംഘനങ്ങൾക്കു കൂട്ടിയ പിഴത്തുക പകുതിയോ അതിൽ താഴെയോ ആയി കുറച്ചിരുന്നു. പുതിയ മോട്ടർവാഹനനിയമം നടപ്പാക്കില്ലെന്ന് നേരത്തേതന്നെ 6 സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. കൂട്ടിയ പിഴത്തുകയ്ക്കെതിരെ പല സംസ്ഥാനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ഗതാഗതമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.