ആർ.എസ്.എസ് തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന പ്രണബ് മുഖര്‍ജി; മുന്‍ രാഷ്ട്രപതിയും ഫോട്ടോഷോപ്പ് കെണിയിൽ

ഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജി തൊപ്പിയിട്ട് സല്യൂട്ട് ചെയ്യുന്ന വ്യാജ ചിത്രം വ്യാപകമായി പ്രചരിക്കുന്നു. ആര്‍.എസ്.എസ് ക്ഷണം സ്വീകരിച്ച് സംഘടനയുടെ ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി ഹെഡ്‌ഗേവാറിന്റെ സ്മാരകം സന്ദര്‍ശിച്ച് ഒരു പ്രസംഗവും നടത്തി മടങ്ങുകയായിരുന്നു. ആർ.എസ്.എസ് തൊപ്പി ധരിക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നാൽ മറ്റു മുതിർന്ന നേതാക്കളോടൊപ്പം തൊപ്പിയിട്ട് വേദിയിൽ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നാൽ താന്‍ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു എന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി വ്യാജചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്.പ്രസംഗം മറക്കും പടം നിലനില്‍ക്കുമെന്നാണ് ആര്‍എസ് എസ് വേദിയിലേക്ക് പ്രസംഗിക്കാന്‍ പോകവേ മകള്‍ അച്ഛന് മുന്നറിയിപ്പ് നല്‍കിയത്. പരിപാടിയിലെ അദ്ദേഹത്തിന്റെ പ്രസംഗം മറക്കുകയും പ്രസംഗിക്കുന്ന പടം നിലനില്‍ക്കുകയും ചെയ്യുമെന്നായിരുന്നു അച്ഛനുള്ള മുന്നറിയിപ്പെന്നോണം ട്വിറ്ററില്‍ അവര്‍ കുറിച്ചിരുന്നത്.

”ബി.ജെ.പി.യുടെ വൃത്തികെട്ട തന്ത്രവിഭാഗം എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലായെന്നു തോന്നുന്നു. ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടുകള്‍ പ്രണബ് തന്റെ പ്രസംഗത്തില്‍ അംഗീകരിക്കുമെന്ന് അവര്‍പോലും വിശ്വസിക്കുന്നില്ല. പ്രണബിന്റെ പ്രസംഗം മറക്കും. എന്നാല്‍ ദൃശ്യങ്ങള്‍ അതുപോലെതന്നെ നിലനില്‍ക്കും. വ്യാജ പ്രസ്താവനകളോടെ അവ പ്രചരിക്കും.” എന്നാണ് പ്രസംഗത്തിനു മുമ്പ് ഷര്‍മിഷ്ഠ ട്വീറ്റ് ചെയ്തത്. നാഗ്പൂരിലേക്ക് പോകുക വഴി ബിജെപിക്ക് നുണപ്രചാരണങ്ങള്‍ പടച്ചു വിടാനും അത് വിശ്വസനീയമാക്കാനും അദ്ദേഹം അവസരം നല്‍കുകയാണെന്നും ഷര്‍മിഷ്ഠ കുറ്റപ്പെടുത്തിയിരുന്നു.