ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍, അന്വേഷണം സമഗ്രമാക്കാന്‍ പോലീസ്

തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡന പരാതികള്‍ പോലീസിന് ലഭിച്ചു. കൂടുതല്‍ പരാതികള്‍ ബിഷപ്പിനെതിരെ ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പോലീസ്. ഇനിയും കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. പീഡനത്തിന് ഇരയായവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ഇവരുടെ മൊഴി കിട്ടിയാല്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കും. ജലന്ധറിലും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പീഡന പരാതികള്‍ ലഭിച്ചിട്ടുണ്ട്. തെളിവുകളും പരാതികളും ഓരോ ജില്ലകളിലെയും പോലീസ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്. ജലന്ധറിലെ പരാതി പഞ്ചാബ് പോലീസിനും നല്‍കിയിട്ടുണ്ട്.