കാലവര്‍ഷം ജൂണ്‍ ആറിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം അഞ്ച് ദിവസം വൈകി ജൂണ്‍ ആറിന് കാലവര്‍ഷം കേരളതീരത്ത് എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം എത്തുക. ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കുമെന്നും കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

കേരളത്തില്‍ ജൂണ്‍ നാലിന് കാലവര്‍ഷമെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് പ്രവചിച്ചിരുന്നത്. അവരുടെ കണക്കുപ്രകാരം ഇതില്‍ രണ്ടുദിവസം വരെയുള്ള വ്യത്യാസം ഉണ്ടായേക്കുമെന്നും പറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് സ്‌കൈമെറ്റിന്റെ പ്രവചനം പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷം സാധാരണപോലെ ലഭിക്കുമെന്നും ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴയുണ്ടാകുമെന്നും ഐ.എം.ഡി നേരത്തെ അറിയിച്ചിരുന്നു. എല്‍നീനോ പ്രതിഭാസം കാരണമാണ് കാലവര്‍ഷത്തിന്റെ തുടക്കം വൈകുന്നതെന്നാണ് വിലയിരുത്തല്‍.

പ്രവചനത്തില്‍ നാലുദിവസം വരെ വ്യത്യാസം കണ്ടേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ നിലയിലുള്ള മണ്‍സൂണ്‍ ആകും ഇത്തവണയെന്നും എന്നാല്‍ മഴയുടെ അളവ് കുറയാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിനാല്‍ ജൂണ്‍ രണ്ടുമുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരിക്കും കേരളത്തില്‍ കാലവര്‍ഷമെത്താനുള്ള സാധ്യത. എല്‍നിനോയുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ ഉയര്‍ന്ന താപനിലയും കാലവര്‍ഷത്തെ സ്വാധിനിച്ചേക്കുമെന്നും അതിനാലാണ് മഴയെത്തുന്നത് വൈകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.