മോഹൻലാലിനൊപ്പം ആദ്യമായി പാടാനായതിന്റെ സന്തോഷം പങ്കു വച്ച് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ.

നീരാളി എന്ന പുതിയ മലയാള സിനിമയിൽ സൂപ്പർ താരം മോഹൻലാലിനൊപ്പം ആദ്യമായി പാടാനായതിന്റെ സന്തോഷം പങ്കു വച്ച് പ്രശസ്ത ഗായിക ശ്രേയ ഘോഷാൽ. ‘ജീവിക്കുന്ന ഇതിഹാസം’ എന്നു മോഹൻലാലിനെ വിശേഷിപ്പിച്ച താരം പാട്ടിനെയും ഇൗണത്തെയും വാനോളം പുകഴ്ത്തി.

‘ജീവിക്കുന്ന ഇതിഹാസമായ മോഹൻലാലിനൊപ്പമുള്ള എന്റെ ആദ്യ ഗാനം ഞാൻ പാടി. മോഹൻലാൽജിക്കൊപ്പമുള്ള പാട്ട് വലിയൊരു അനുഭവമായിരുന്നു. ഞാൻ വളരെ എക്സൈറ്റഡാണ് ഒപ്പം സന്തോഷവതിയുമാണ്. അതിമനോഹരമായ ഇൗണമാണ് സ്റ്റീഫൻ ദേവസി ഒരുക്കിയിരിക്കുന്നത്. ഞാൻ ആദ്യമായാണ് സ്റ്റീഫനു വേണ്ടിയും പാടുന്നത്. നീരാളിയിലെ ഇൗ ഗാനം നിങ്ങൾ എല്ലാവർക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. മോഹൻലാൽജിയുടെ മെലോഡിക് സൈഡ് നിങ്ങൾക്ക് ഇഷ്ടമാകും. ഹൃദയത്തിന്റെ ഉള്ളിൽ നിന്നു പാടിയ പാട്ടാണ് ഇത്. എല്ലാ സംഗീതാസ്വാദകരുടെയും ഹൃദയം തൊടുന്ന ഗാനമാകുമിത്.’ ശ്രേയ പറഞ്ഞു.

ഒട്ടനവധി സിനിമകളിൽ പാട്ടു പാടിയിട്ടുള്ള മോഹൻലാൽ അവസാനമായി പാടിയത് പുലിമുരുകനിലെ ‘മലയാറ്റൂർ മലയും…’ എന്ന ഗാനമാണ്. അവസാനമായി ഒരു മുഴുനീള ഗാനം ആലപിക്കുന്നത് റൺ ബേബി റണ്ണിലും. ‘ആറ്റുമണൽ പായയിൽ’ എന്ന ആ ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളി ഉടൻ തീയറ്ററുകളിലെത്തും. വർഷങ്ങൾക്കു ശേഷം നദിയാ മൊയ്തുവും മോഹൻലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും നീരാളിക്കുണ്ട്.

https://www.facebook.com/NeeraliMovie/videos/1852850844772405/