ജി-7 ഉച്ചകോടിക്കിടെ മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും; കശ്മീർ വിഷയമാകുമെന്ന് പ്രതീക്ഷ

ബിയാറിറ്റ്‌സ്(ഫ്രാന്‍സ്): ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ചർച്ചയിൽ കശ്മീർ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ ഉദ്യോഗസ്ഥസംഘം വ്യക്തമാക്കി.

ജി 7 ഉച്ചകോടിക്കായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ പരസ്പര സഹകരണത്തെപ്പറ്റി ഇരുനേതാക്കളും ചർച്ച ചെയ്തു. അനുച്ഛേദം 370 റദ്ദാക്കിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞയാഴ്ച ബോറിസ് ജോൺസൺ മോദിയെ ഫോണിൽ വിളിച്ച് കശ്മീർ തർക്കം ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്ത് പരിഹരിക്കണം എന്നാവശ്യപ്പെട്ടിരുന്നു.

യു.എസ്. പ്രസിഡന്റ് കശ്മീര്‍ വിഷയം കൂടിക്കാഴ്ചയില്‍ ഉന്നയിച്ചേക്കുമെന്നാണ് സൂചന. അമേരിക്കയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും ചര്‍ച്ചയാകും.

ജി-7 അംഗരാജ്യമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.