മോദിക്കെതിരെ മിണ്ടരുത്; അസമില്‍ മോദിയെ വിമര്‍ശിച്ച് പുസ്തകമെഴുതിയവര്‍ക്കെതിരെ കേസ്

അസമിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായുളള പൊളിറ്റിക്കല്‍ സയന്‍സ് റഫറന്‍സ് പുസ്തകത്തില്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗത്ത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാര്‍ക്കെതിരെ കേസെടുത്തു.

ദുര്‍ഗാ കാന്ത ശര്‍മ,റഫീഖ് സമാന്‍,മനാഷ് പ്രോതിം ബറുവ എന്നീഎഴുത്തുകാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2002 ഗുജറാത്ത് കലാപസമയത്ത് മുഖ്യമന്ത്രി മൗനം പാലിച്ചു എന്ന പരാമര്‍ശത്തിനാണ് കേസ്.

‘ഗോധ്ര സംഭവവും ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപവും’ എന്ന തലക്കെട്ടിലുള്ള ഭാഗത്തായിരുന്നു പരാമര്‍ശം. കലാപസമയത്ത് നരേന്ദ്രമോദിയുടെ കീഴിലുളള ഗുജറാത്ത് സര്‍ക്കാര്‍ മൗനമായിരുന്ന് എല്ലാം വീക്ഷിക്കുകയായിരുന്നു എന്നാണ് പുസ്തകത്തിലുള്ളത്.

ഗുവാഹത്തി ആസ്ഥാനമായുളള സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഗൊലാഘട്ടിലുളള എഴുത്തുകാര്‍ക്കെതിരെ സെപ്തംബര്‍ 16നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പുസ്തകത്തിന്റെ പ്രസാധകരായ അസം ബുക്ക് ഡിപ്പോ ഗുവാഹത്തി ആസ്ഥാനമായതിനാല്‍ കേസ് ഗുവാഹത്തിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

2002ല്‍ നടന്ന കലാപത്തിന് പരോക്ഷമായി നേതൃത്വം നല്‍കിയിരുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയായിരുന്നുവെന്ന് ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു.