എഴുത്തുകാരന്റെ വിശ്വാസ്യത എത്രത്തോളം; ടൈം മാഗസിൻ കവർ സ്റ്റോറിയോട് മോദിയുടെ പ്രതികരണം

പ്രധാനമന്ത്രി നരേന്ദ്രമോദി വിഭജനങ്ങളുടെ തലവന്‍ എന്ന്‌ വിശേഷിപ്പിച്ച ടൈം മാഗസിന്‍ കവര്‍‌സ്റ്റോറിയെക്കുറിച്ച്‌ അവസാനം മോദി പ്രതികരിച്ചിരിച്ചിരിക്കുകയാണ്. “ടൈം മാഗസിന്‍ വിദേശത്ത്‌ നിന്നുള്ളതാണ്‌. ലേഖകനും പറയുന്നു താന്‍ പാകിസ്‌താനിലെ രാഷ്ട്രീയകുടുംബത്തില്‍ നിന്ന്‌ വന്നയാളാണെന്ന്‌. അദ്ദേഹത്തിന്റെ വിശ്വാസ്യതയ്‌ക്ക്‌ അതു തന്നെ ധാരാളമല്ലേ” എന്നായിരുന്നു മോദി പ്രതികരിച്ചത്‌.

ഇങ്ങനെ എഴുത്തുകാരന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ടാണ് മോദി പ്രതികരിച്ചത്. ആതീഷ്‌ തസീര്‍ ആയിരുന്നു ടൈം മാഗസിന്‌ വേണ്ടി മോദിയെക്കുറിച്ച്‌ കവര്‍ സ്റ്റോറി തയ്യാറാക്കിയത്‌. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം കൂടുതൽ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു മോദി-ഡിവൈഡര്‍ ഇന്‍ ചീഫ്‌ എന്ന ലേഖനത്തിലൂടെ തസീര്‍ പറഞ്ഞത്‌. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി പദവി, മലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നിവയെല്ലാം ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു.