മോദിയുടെ മേഘ തിയറി പാളി; അടിമുടി ട്രോൾ മഴ

ന്യൂഡല്‍ഹി: ബാലക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍മഴ. ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാൻ മോദി പറഞ്ഞ ‘മേഘ തിയറി’യാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

 

കാലാവസ്ഥ മോശമായിരുന്നതിനാല്‍ വ്യോമാക്രമണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ആലോചിച്ചെന്നും എന്നാല്‍ മേഘങ്ങള്‍ നിറഞ്ഞ കാലാവസ്ഥയാണ് നല്ലതെന്നും അത് വിമാനങ്ങളെ ശത്രുക്കളുടെ റഡാറില്‍നിന്ന് മറയ്ക്കാന്‍ സഹായിക്കുമെന്നും താനാണ് നിര്‍ദേശിച്ചതെന്നും മോദി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകളായി നിറഞ്ഞിരിക്കുന്നത്.

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദന, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള തുടങ്ങി ട്രോളന്മാർ വരെ മേഘ സിദ്ധാന്തത്തിൽ മോദിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ചയാണ് അഭിമുഖം പുറത്തുവന്നത്. പ്രധാനമന്ത്രിയുടെ ഈ മേഘ സിദ്ധാന്തം ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജുകളില്‍ വീഡിയോ അടക്കം വരികയും ചെയ്തു. എന്നാല്‍ ശാസ്ത്രരംഗത്തെ വിദഗ്ദ്ധരടക്കം പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ വിവരക്കേട് ചൂണ്ടിക്കാട്ടിയതോടെ ബിജെപി തങ്ങളുടെ പേജുകളില്‍ നിന്ന്‌ ട്വീറ്റ് പിന്‍വലിച്ചു. അപ്പോഴേക്കും ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പലരും എടുത്തിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഇതുണ്ടാകാം നിരവധി ട്രോളുകളാണ് വന്നിരിക്കുന്നത്.