മോദിക്ക് മാത്രമല്ല മോദി ജാക്കറ്റിനും ഡിമാന്റില്ല; വില്‍പ്പന ആഴ്ചയില്‍ ഒരെണ്ണം മാത്രം

മഹാരാഷ്ട്ര: 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ജാക്കറ്റ് തരംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരമായി ധരിക്കാറുള്ള ജാക്കറ്റ് മോദി ജാക്കറ്റെന്ന് അറിയപ്പെട്ടു. ഇപ്പോള്‍ മോദിക്കും ജനപ്രീതി ഇടിഞ്ഞിരിക്കുകയാണ്. ഒപ്പം മോദി ജാക്കറ്റിനും വിലയും ഡിമാന്റും കുറഞ്ഞിരിക്കുന്നു.

2014 ല്‍ ദിവസം 35 ജാക്കറ്റ് വീതം വിറ്റിരുന്നിടത്ത് ഇപ്പോള്‍ ആഴ്ചയില്‍ 1 എന്ന നിലയിലേക്കു കച്ചവടം താണുവെന്ന് വ്യാപാരികള്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുമ്പോള്‍ വില്‍പന ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധി, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവ വില്‍പനയെ പ്രതികൂലമായി ബാധിച്ചെന്നാണു മറ്റൊരു വ്യാപാരിയുടെ വിലയിരുത്തല്‍. നിലവിലുള്ള സ്റ്റോക് എങ്ങനെ വിറ്റഴിക്കുമെന്ന ആശങ്കയിലാണു പലരും.