തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനും മുന്നേ മോദിയുടെ ഉദ്ഘാടന മാരത്തണ്‍

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കുകയാണ്. എല്ലാവരും തെരഞ്ഞെടുപ്പ് ചൂടിലായി. അതിനിടയിലും തിരക്കിട്ട് ഉദ്ഘാടനങ്ങള്‍ നടത്തുന്ന തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള ഒരു മാസം മോദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തത് 28 തവണയാണ്. ഇതിനിടെ അദ്ദേഹം 157 പദ്ധതികളും ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുകയും കേന്ദ്രസര്‍ക്കാരിന് വമ്പന്‍ പദ്ധതികളൊന്നും പ്രഖ്യാപിക്കാനും കഴിയാതെ വരികയും ചെയ്യും. ഇതിനാലാണ് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തിരക്കിട്ട് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തുന്നത്.

കഴിഞ്ഞ മാസം എട്ടാം തീയതിക്കും മാര്‍ച്ച് ഒമ്പതിനും ഇടയില്‍ പുതിയ ദേശീയപാതകള്‍, പുതിയ റെയില്‍വെ ലൈനുകള്‍, മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, വാതകപൈപ്പ് ലൈനുകള്‍, വിമാനത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ഊര്‍ജ പദ്ധതികള്‍ തുടങ്ങി നിരവധി പ്രോജക്ടുകള്‍ക്കാണ് മോദി തുടക്കമിട്ടത്. എന്നാല്‍ 2014 ല്‍ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മുമ്പുള്ള മാസങ്ങളില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് യാത്രകളൊന്നും നടത്തിയിരുന്നില്ല. തിരക്കിട്ട ഉദ്ഘാടന പരിപാടികളും ഉണ്ടായിരുന്നില്ല.

ബിജെപി സര്‍ക്കാര്‍ ആവട്ടെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പദ്ധതികളുടെ പ്രളയം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ജനുവരി ഏഴിനും ഫെബ്രുവരി ഏഴിനും ഇടയിലുള്ള ഒരു മാസം 57 പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. എന്നാല്‍ അടുത്ത നാല് ആഴ്ച ഇതിന്റെ മൂന്നിരട്ടി പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പിഎംഒ വെബ്‌സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ പ്രകാരം എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മോദി പ്രഖ്യാപിച്ച പലപദ്ധതികളും പഴയ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് പുതുതായി അവതരിപ്പിക്കുകയായിരുന്നെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ റഷ്യയുമായി ചേര്‍ന്ന് ആരംഭിച്ച ആയുധ ഫാക്ടറി മോദി കഴിഞ്ഞ ആഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ പ്ലാന്റ് 2007ല്‍ ഉദ്ഘാടനം ചെയ്തതാണെന്ന് സര്‍ക്കാരിന്റെ തന്നെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിനു ശേഷം 2010 ല്‍ ചെറുതോക്കുകളും റൈഫിളുകളും മിഷ്യന്‍ ഗണ്ണുകളും നിര്‍മിച്ചു തുടങ്ങിയിരുന്നതായും പറയുന്നു. ബിഹാറിലെ കര്‍മ്മലിച്ചക്കില്‍ 96.54 കിലോമീറ്റര്‍ നീളമുള്ള സ്വീവേജ് ശൃഗഖലയ്ക്കു ഫെബ്രുവരി 17 ന് മോദി തറക്കല്ലിട്ടിരുന്നു. എന്നാല്‍ ഇതേ പദ്ധതി 2017 ല്‍ ഒക്ടോബറില്‍ അദ്ദേഹം തന്നെ തറക്കല്ലിട്ടതാണ്.

ചെറിയ പദ്ധതികള്‍ വരെ മോദി നേരിട്ടെത്തി ഇക്കാലയളവില്‍ ഉദ്ഘാടനം ചെയ്തു. ചെന്നൈ മെട്രോയുടെ ഏതാനും കിലോമീറ്റര്‍ ദൂരം സര്‍വീസ്, കര്‍ണാടകയിലെ ചിക്ചജുര്‍-മയകോണ്ട സെക്ഷന്‍ റെയില്‍വെ ലൈന്‍, വിക്രാവാന്ദി-തഞ്ചാവൂര്‍ ദേശീയപാത നാലുവരിയാക്കല്‍ തുടങ്ങിയവ ഇവയില്‍ ചില ഉദാഹരണങ്ങളാണ്. മുനിസിപ്പാലിറ്റി തലത്തിലുള്ള പശുസംരക്ഷണ കേന്ദ്രം പോലുള്ള പദ്ധതികളും ഇക്കാലത്ത് ഉദ്ഘാടനം ചെയ്തു. ഗാസിയാബാദ് മുനിസിപ്പാലിറ്റിയിലെ ഗോശാലയ്ക്കാണ് മോദി തറക്കല്ലിട്ടത്. 37 കിലോമീറ്റര്‍ ദൂരത്തിലുള്ള സീവേജ് ലൈനും അദ്ദേഹത്തിന്റെ ഉദ്ഘാടന പട്ടികയില്‍പ്പെടും.