തിരഞ്ഞെടുപ്പ് ചൂട് അകറ്റി മോദി ധ്യാനത്തിനായി ഗുഹയിൽ

കേദാര്‍നാഥ്: കേദാർനാഥിൽ പ്രാർത്ഥനയ്ക്കായി എത്തിയ മോദി ധ്യാനത്തിനായി ഗുഹയിലേക്കുപോയി. പരമ്പരാഗത ഉത്തരാഖണ്ഡ് വസ്ത്രമായ പഹാഡി ധരിച്ചാണ് മോദി ക്ഷേത്രദര്‍ശനത്തിനെത്തിയത്. അരമണിക്കൂറോളം ആരാധനാലയത്തില്‍ മോദി ചെലവഴിച്ച ശേഷമാണ് അദ്ദേഹം ധ്യാനത്തിനായി ഗുഹയിലേക്കുപോയത്. ഇതിന്റെ ചിത്രങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ശനിയാഴ്ച രാവിലെയാണ് മോദി കേദാര്‍നാഥില്‍ എത്തിച്ചേര്‍ന്നത്. രണ്ട് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് മോദി ഗുഹയില്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഞായറാഴ്ച രാവിലെവരെ അദ്ദേഹം ധ്യാനത്തില്‍ ഏര്‍പ്പെടും. ഗുഹയുടെ സമീപത്തെത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ അടക്കം ആര്‍ക്കും അനുമതിയില്ല.

ശിവക്ഷേത്രമായ കേദാര്‍നാഥിലെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഞായറാഴ്ച ബദരീനാഥിലെത്തും. രണ്ട് കൊല്ലത്തിനിടെ നാല് തവണ മോദി കേദാര്‍നാഥില്‍ ദര്‍ശനം നടത്തിയിരുന്നു. ഞായാറാഴ്ച ഉച്ചയ്ക്ക് മോദി ഡല്‍ഹിയിലേക്ക് മടങ്ങും.