മോദിയുടെ ഗുജറാത്തില്‍ വിവരാവകാശത്തിന്റെ വില ജീവന്‍

ഗുജറാത്ത്: ഗുജറാത്ത് മോഡല്‍ വികസനത്തെ ചോദ്യം ചെയ്ത മറ്റൊരു വിവരാവകാശ പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. രാജ്‌ഘോട്ട് പ്രദേശവാസിയായ നഞ്ജിഭായ് സൊന്ദര്‍വിനെയാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആറംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. ആക്രമിക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സൊന്ദര്‍വ് താന്‍ താമസിക്കുന്ന മാനേകവാഡ ഗ്രാമത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച പുതിയ റോഡിന് ചിലവായ തുക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാനായി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്.

ഇതിന് മുമ്പും സൊന്ദര്‍വിനും കുടുംബത്തിനുമെതിരെ ആക്രമണം നടന്നിട്ടുണ്ടെന്ന് പിതാവ് മേഘാഭായ് പറയുന്നു. ഒന്നര വര്‍ഷത്തിന് മുമ്പ് ഗ്രാമത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ കണക്ക് സംബന്ധിച്ച വിവരങ്ങള്‍ക്കായി സൊന്ദര്‍വ് വിവരാവകാശം സമര്‍പ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഗ്രാമത്തിന്റെ സര്‍പഞ്ചും അനുയായികളും വീടാക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നും പിതാവ് പറയുന്നു. ഇപ്പോള്‍ മകന്റെ മരണത്തില്‍ സര്‍പഞ്ചിനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് പിതാവ്.

സൊന്ദര്‍വിന്റെ മരണത്തോടെ ‘ഗുജറാത്ത് വികസന മാതൃക’യെ ചോദ്യം ചെയ്തതിന്റെ പേരില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനൊന്നായി. 2005 ഒക്ടോബറില്‍ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം ഗുജറാത്തില്‍ പതിനാറില്‍ കൂടുതല്‍ കേസുകളാണ് ഇത്തരത്തില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ വിവരാവകാശം ഉപയോഗിച്ചതിന്റെ പേരില്‍ 67 പേരാണ് കൊല ചെയ്യപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. ഈ കേസുകളില്‍ രാജ്യാന്തര മനുഷ്യാവകാശ മുന്നേറ്റം അന്വേഷണം നടത്തിവരികയാണ്.

സൊന്ദര്‍വിന്റെ വധത്തിന് മൂന്ന് മാസം മുമ്പാണ് വിവരാവകാശ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലെ സാമ്പത്തിക ക്രമക്കേടുകള്‍ വിവരാവകാശം മുഖേന പുറത്തുകൊണ്ടുവന്ന രത്തന്‍ സിംഗ് ചൗധരി എന്ന മുപ്പത് വയസുകാരനെ കൊലപ്പെടുത്തിയതിന്റെ അടുത്ത ദിവസമാണ് നരേന്ദ്ര മോദി വിവരാവകാശ നിയമത്തിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.