നേട്ടങ്ങള്‍ ഉയര്‍ത്തി ബിജെപി; നാശം വരുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്

ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷങ്ങള്‍ തികയ്ക്കുമ്പോള്‍ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ബിജെപിയും, രാജ്യത്തിന് നാശം വരുത്തിയെന്നാരോപിച്ച്‌കോണ്‍ഗ്രസ് നേതാക്കളും. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഒഡിഷയില്‍ നടന്ന റാലിയില്‍ തങ്ങളുടെ പ്രവര്‍ത്തനം ജനങ്ങള്‍ അംഗീകരിച്ചതായി മോദി പറഞ്ഞു.

ദുര്‍ഭരണത്തില്‍ നിന്നും സദ്ഭരണത്തിലേക്കും, കള്ളപ്പണത്തില്‍ നിന്നും പൊതു പണത്തിലേക്കും സര്‍ക്കാര്‍ മുന്നേറുകയാണ്. 2019 ല്‍ വീണ്ടും അധലകാരത്തിലെത്തുന്നത് വെല്ലുവിളിയല്ല, അത് ഉറപ്പായ കാര്യമാണ്- അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ സഖ്യത്തെ കളിയാക്കി അമിത് ഷാ സംസാരിച്ചു. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടം കണ്ട് ഞെട്ടിയവര്‍ ഒരു വേദിയില്‍ ഒന്നിച്ചു വന്നതായി അദ്ദേഹം കളിയാക്കി പറഞ്ഞു.

ഇതിനിടെ ‘വഞ്ചിക്കപ്പെട്ട ഇന്ത്യ’ എന്ന പേരില്‍ കോണ്‍ഗ്രസ് ലഘുലേഖ പുറത്തിറക്കി. ചതി, തട്ടിപ്പ്, പ്രതികാരം, നുണ എന്നിവയുടെ നാലു വര്‍ഷമാണ് പിന്നിട്ടതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ കീഴില്‍ ഭയത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷമാണ് രാജ്യത്തുണ്ടായിരുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ കുറ്റപ്പെടുത്തി.