‘വിജയത്തിനായി പോലും പ്രാർത്ഥിച്ചില്ല’; രാത്രി നീണ്ട ധ്യാനം നടത്തി മോദി

കേദാര്‍നാഥ് (ഉത്തരാഖണ്ഡ്): കേദാര്‍നാഥിലെ ഗുഹയില്‍ ഒരുരാത്രി നീണ്ട ധ്യാനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരീനാഥിലേക്ക്. കേദാര്‍നാഥിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് പ്രത്യേക ഭാഗ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സന്ദര്‍ശനം ആത്മീയ ഉണര്‍വ് നല്‍കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേദാര്‍നാഥിലെ 11,755 അടി ഉയരമുളള പര്‍വതമുകളിലെ ഗുഹയിലായിരുന്നു ധ്യാനം. കേദാര്‍നാഥ് ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനം നടത്തിയശേഷം മോദി പര്‍വതമുകളില്‍ നിന്ന് താഴേക്ക് ഇറങ്ങി.

വീണ്ടും അധികാരത്തില്‍ എത്തണമെന്ന പ്രാര്‍ഥന നടത്തിയോ എന്ന ചോദ്യത്തിന് ദൈവത്തോട് ഒന്നും ചോദിക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള കരുത്ത് ദൈവം നമുക്കെല്ലാം നല്‍കിയിട്ടുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവരുടെയും നന്മയ്ക്കുവേണ്ടി പ്രാര്‍ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസം ഏകാന്തതയില്‍ കഴിയാന്‍ അനുമതി നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറയുന്നു. തന്റെ പ്രവര്‍ത്തനങ്ങളില്‍ ധ്യാനത്തിന്റെ പ്രതിഫലനമുണ്ടാകും.

കേദാര്‍നാഥിന്റെ വികസനത്തിനായി വന്‍ പദ്ധതി തന്റെ മനസിലുണ്ട്. പ്രകൃതിദുരന്തം നേരിട്ട കേദാര്‍നാഥിന്റെ പുനരുദ്ധാരണത്തിന് പ്രാമുഖ്യം നല്‍കുമെന്നും മോദി പറഞ്ഞു. ബദരീനാഥിലെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.