നരേന്ദ്ര മോദി ബംഗാളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി, സഹായമായ് സംസ്ഥാനത്തിന് 1,000 കോടി

കൊല്‍ക്കത്ത: ഉം-പുന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, കേന്ദ്ര സഹമന്ത്രിമാരായ ബാബുല്‍ സുപ്രിയോ, പ്രതാപ് ചന്ദ്ര സാരംഗി, കുമാരി ദേബശ്രീ ചൗധരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖരന്ത്, മുഖ്യമന്ത്രി കുമാരി മമത ബാനര്‍ജി, എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി സംസ്ഥാനത്തെ ചുഴലിക്കാറ്റ് ബാധിത ജില്ലകള്‍ വ്യോമ നിരീക്ഷണം നടത്തി

ഇതിനു ശേഷം പ്രധാനമന്ത്രി അധ്യക്ഷനായ യോഗം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പ്രധാനമന്ത്രി സംസ്ഥാന സര്‍ക്കാര്‍ ദുരന്തത്തെ നേരിടാന്‍ സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തി. അടിയന്തര സഹായമായ് സംസ്ഥാനത്തിന് 1,000 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും അവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.

പശ്ചിമ ബംഗാളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി അപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു. സംസ്ഥാനത്തു ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു.

ഈ ദുരന്തകാലത്ത് സംസ്ഥാന സര്‍ക്കാരുമായ് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ മോദി ദുരന്തബാധിത പ്രദേശങ്ങളെ പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഈ വര്‍ഷം പ്രധാനമന്തിയുടെ രണ്ടാമത് പശ്ചിമ ബംഗാള്‍ സന്ദര്‍ശനമാണിത്. ഇത് കൂടാതെ ഉത്തര്‍പ്രദേശില്‍ മാത്രമാണു മോദി ഈ വര്‍ഷം ഒന്നിലധികം തവണ സന്ദര്‍ശനം നടത്തിയത്. 2020 ജനുവരി 11, 12 തീയതികളില്‍ നടന്ന കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം വാര്‍ഷികാഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ബേലൂര്‍ മഠത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.