സ്വപ്‌നയുടെ മകളുടെ ഫോണ്‍ ഓണായതും സന്ദീപിന്റെ വിളി സഹോദരന് വന്നതും തുമ്പായി

ബെംഗളരു: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും ബെംഗളുരുവില്‍ കണ്ടെത്താന്‍ എന്‍.ഐ.എയെ സഹായിച്ചത് ഫോണ്‍വിളിയാണ്. സ്വപ്‌ന കുടുംബത്തോടൊപ്പമാണ് ബെംഗളുരുവിലേക്ക് കടന്നത്. ഒപ്പമുണ്ടായിരുന്ന മകളുടെ മൊബൈല്‍ ഫോണ്‍ ശനിയാഴ്ച ഉച്ചയോടെ ഓണായി. ബെംഗളുരു ആണ് ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. അതോടെ എന്‍.ഐ.എക്ക് ഉറപ്പായി പ്രതി ബെംഗളുരുവിലുണ്ടെന്ന്.
ഉച്ചയ്ക്ക് സന്ദീപ് നായരുടെ അരുവിക്കരയിലുള്ള വസതിയില്‍ കസ്റ്റംസ് റെയ്ഡ് ആരംഭിച്ചിരുന്നു. ഈ സമയം സന്ദീപിന്റെ അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. അപ്പോഴാണ് സന്ദീപിന്റെ വിളി സഹോദരനു വന്നത്. അതോടെ സന്ദീപും ബെംഗളുരുവില്‍ ഉണ്ടെന്ന് ഉറപ്പായി.
ഉടന്‍ തന്നെ കസ്റ്റംസിന്റെ മധുര യൂണിറ്റിലേക്കും എന്‍.ഐ.എയുടെ ഹൈദരാബാദ് യൂണിറ്റിലേക്കും സന്ദേശം പോയി. തുടര്‍ന്ന് അവര്‍ ബെംഗളുരുവില്‍ എത്തുകയും കൊറമംഗലയ്ക്കടുത്തുള്ള ഒരു ഫഌറ്റില്‍ ഇരുവരും ഉണ്ടെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.
സുധീന്ദ്ര റായി എന്നയാളുടെ ഫഌറ്റിലാണ് ഇരുവരും തങ്ങിയത്. സ്വപ്‌നയുടെ സുഹൃത്താണത്രെ ഇയാള്‍. എന്‍.ഐ.എ ഇയാളെയും ചോദ്യം ചെയ്യും.