ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ ലേബർ റൂമിൽ നിന്നും കാണാതായ ഗർഭിണിയായ യുവതിയെ കണ്ടെത്തി. കരുനാഗപ്പള്ളിയിൽ നിന്നുമാണ് യുവതിയെ കണ്ടെത്തിയത്. കരുനാഗപ്പള്ളിയിലെ ടാക്സി ഡ്രൈവർമാരാണ് യുവതിയെ തിരിച്ചറിഞ്ഞത്.

വർക്കല മടവൂർ സ്വദേശി അൻഷാദിന്റെ ഭാര്യ ഷംന(21)യെയാണ് എസ്എടി ആശുപത്രിയിലെ ലേബർ റൂമിൽ നിന്നും കാണാതായത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി എങ്ങനെയാണ് ലേബർ റൂമിൽ നിന്ന് കടന്നുകളഞ്ഞതെന്നാണ് പോലീസിനെ ആശ്ചര്യപ്പെടുത്തിയിരുന്നു.

പൂർണ്ണ ഗർഭിണിയായിരുന്ന ഷംനയെ ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പ്രസവത്തിനായി എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷംനയെ പരിശോധിച്ച ഡോക്ടർ അഡ്മിറ്റ് ചെയ്യാനുള്ള ചീട്ടെഴുതി തുടർപരിശോധനകൾക്കായി യുവതിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയി. പ്രസവത്തിന് മുന്നോടിയായുള്ള അവസാന പരിശോധനകൾക്കായി ഷംനയെ മാത്രമാണ് ലേബർ റൂമിലെ പരിശോധന മുറിയിലേക്ക് കടത്തിവിട്ടത്. അവിടെവച്ചാണ് യുവതിയെ കാണാതായത്.