കാണാതായ സിഐ നവാസിനെ കണ്ടെത്തി; സി ഐയെ പാലക്കാട്ട് എത്തിക്കും

കൊച്ചി: വ്യാഴാഴ്ച കാണാതായ എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തി. മേലുദ്യോഗസ്ഥനിൽനിന്നുണ്ടായ മാനസിക പീഡനത്തെത്തുടർന്ന് കാണാതായെന്നു പറയുന്ന വി.എസ്.നവാസുമായി പൊലീസ് പാലക്കാട്ടേക്ക് തിരിച്ചു. തമിഴ്‌നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയില്‍വേ പോലീസാണ് പുലർച്ചെ മൂന്നു മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. നവാസ് ബന്ധുവുമായി ഫോണില്‍ സംസാരിച്ചു. രാമേശ്വരത്തേക്ക് പോവുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹം അറിയിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ പി.എസ്. സുരേഷുമായി വയര്‍ലെസില്‍ രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്.

ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്നുരാവിലെയാണ് അദ്ദേഹത്തെ കാണാതായത്.

20 അംഗ പൊലീസ് സംഘം സൈബർ ഡോമിന്റെയും മറ്റു വിഭാഗങ്ങളുടെയും സഹായത്തോടെ മൂന്നു ദിവസമായി അന്വേഷണം തുടരുന്നതിനിടെയാണ് തമിഴ്നാട്ടിൽ നിന്ന് സിഐയെ കണ്ടെത്തിയെന്ന വിവരം കേരള പൊലീസിന് ലഭിക്കുന്നത്. കൊല്ലം വരെ എത്തിയതായി കേരള പൊലീസിനു തെളിവുകൾ കിട്ടിയെങ്കിലുംശേഷം എവിടേക്കു പോയെന്നു വിവരം ലഭിച്ചിരുന്നില്ല.

കഠിനമായ മാനസിക പീഡനമാണു നവാസിനു മേലുദ്യോഗസ്ഥനിൽനിന്നുണ്ടായതെന്ന് ആരോപിച്ച ഭാര്യ ആരിഫ, മുഖ്യമന്ത്രിക്കും ഡിജിപിക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ആരോപണവിധേയനായ എസിപിയിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പീഡനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.