മന്ത്രി ജയരാജന്റെ ഭാര്യയുടെ മുഖം വെട്ടിമാറ്റി സ്വപ്‌നയുടെ വച്ചു, മുഖ്യമന്ത്രിയുടെ മകളുടെ കല്യാണചിത്രത്തില്‍

ഡി.ജി.പിക്ക് മന്ത്രിയുടെ പരാതി കോണ്‍ഗ്രസ് നേതാക്കളുടെ പേരുവച്ച്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രത്തില്‍ തന്റെ ഭാര്യയുടെ തലവെട്ടിമാറ്റി സ്വപ്‌ന സുരേഷിന്റെ തലപിടിപ്പിച്ച് മോര്‍ഫ് ചെയ്ത ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ചില നേതാക്കളുടെ പേരുകള്‍ സഹിതമാണ് മന്ത്രി പരാതി നല്‍കിയത്. ജൂണ്‍ 15ന് ക്ലിഫ്ഹൗസില്‍ വച്ചാണ് വിവാഹം നടന്നത്.

വധൂവരന്മാര്‍ക്കും മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും ഒപ്പം ഇ.പി ജയരാജനും ഭാര്യ പി.കെ ഇന്ദിരയും നില്‍ക്കുന്ന ഫോട്ടോയിലാണ് കൃത്രിമം കാണിച്ചത്. ആ ഫോട്ടോ മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയില്‍ മന്ത്രിയുടെ ഭാര്യയുടെ മുഖത്തിന്റെ സ്ഥാനത്ത് സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുഖം ചേര്‍ത്താണ് പ്രചരിപ്പിച്ചത്. ടി.ജി സുനില്‍ (യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍), ദീപ്തി മേരി വര്‍ഗീസ്, ബിജു കല്ലട, രഘുനാഥ് മേനോന്‍, മനോജ് പൊന്‍കുന്നം, ബാബു കല്ലുമാല, മനീഷ് കല്ലറ തുടങ്ങിയവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി ഫോട്ടോ പ്രചരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
തന്നെയും മുഖ്യമന്ത്രിയേയും കരുതിക്കൂട്ടി അപമാനിക്കാനും സമൂഹത്തിലുള്ള മാന്യതയും സ്വീകാര്യതയും ഇല്ലാതാക്കാനും വേണ്ടിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 465, 469 വകുപ്പുകള്‍ പ്രകാരവും ഐ ടി ആക്ട്, കേരളാ പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണിത്. കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോ ഉള്ള ഫേസ്ബുക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പരാതിക്കൊപ്പമുണ്ട്.