മിനിമം ചാര്‍ജ് 10 രൂപയാകും; കോവിഡ് കാലത്തേക്ക് മാത്രമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. കോവിഡ് സ്‌പെഷ്യല്‍ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് ശുപാര്‍ശ. കിലോമീറ്ററിന് 90 പൈസയുടെ വര്‍ധന ഉണ്ടാകും. കോവിഡിന് ശേഷം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ നിരക്കുകള്‍ പുനര്‍നിര്‍ണയിക്കുമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

“ഇപ്പോഴുള്ള ശുപാര്‍ശ കോവിഡ് നിയന്ത്രണമുള്ള കാലത്തേക്ക് മാത്രമുള്ളതാണ്. സാധാരണ നിലയിലുള്ള നിരക്ക് പരിഷ്‌കാരം സംബന്ധിച്ച് റിപ്പോര്‍ട്ട് കുറച്ചുകൂടി സമയം എടുത്തു മാത്രമേ നല്‍കാനാകൂ എന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.”-ഗതാഗതമന്ത്രി പറഞ്ഞു.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗതവകുപ്പ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. വ്യാഴാഴ്ചയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ചാര്‍ജ് വര്‍ധനയ്ക്ക് രണ്ട് രീതിയിലുള്ള ശുപാര്‍ശകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മിനിമം ടിക്കറ്റ് 12 രൂപയും കിലോമീറ്റര്‍ നിരക്ക് 90 പൈസയുമാക്കുക. അല്ലെങ്കില്‍ മിനിമം നിരക്ക് 10 ആക്കുക, കിലോമീറ്ററിന് 1.10 രൂപ ഈടാക്കുക.

വിദ്യാര്‍ഥികളുടെ മിനിമംനിരക്ക് അഞ്ച് രൂപയാക്കാനും നിര്‍ദേശമുണ്ടായിരുന്നു.
ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഏറെക്കാലമായി ഇത് ഈടാക്കിയിരുന്നില്ല. ബസ്സുടമകളുടെ പ്രധാന പരാതികളിലൊന്ന് ഇതായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനവില കൂടിയതുമാണ് നിരക്ക് വര്‍ധനയിലേക്കു നയിക്കുന്നത്.

അടച്ചിടല്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ ബസ്ചാര്‍ജ് താത്കാലികമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍, അടച്ചിടലില്‍ ഇളവുവന്നതോടെ നിരക്ക് പഴയപടിയാക്കി. 15 ശതമാനം യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാനുള്ള അനുമതി നിഷേധിച്ചു. ഇതിനെതിരേ ബസ്സുടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനോട് കോടതി നിര്‍ദേശിച്ചിരുന്നു.