പ്രവാസികളെ കൊള്ളയടിക്കുന്നത് തുടരുന്നു; എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മൗനം

കരിപ്പൂര്‍: നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളെ വിമാനത്താവള അധികൃതര്‍ കൊള്ളയടിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രവാസികളുടെ പാസ്‌പോര്‍ട്ട്, പണം, സ്വര്‍ണാഭരണങ്ങള്‍, വാച്ച്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ് കാണാതായത്.

 

വിമാനമിറങ്ങി ലഗേജുകള്‍ പരിശോധനയ്ക്ക് ശേഷം തിരികെ വാങ്ങുന്നതിനിടയില്‍ ബാഗിന്റെ പൂട്ടുകള്‍ തകര്‍ന്ന നിലയില്‍ കാണുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വസ്തുക്കള്‍ മോഷണം പോയത് അറിഞ്ഞത്. ഇതിനെത്തുടര്‍ന്ന് ഇവര്‍ വിമാനത്താവള അധികൃതരെ സമീപിക്കുകയും പരാതിപ്പെടുകും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ വസ്തുക്കള്‍ വിമാനത്താവളങ്ങളില്‍ വെച്ച് കാണാതെപോകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. എന്നിട്ടും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനോ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനോ വിമാനത്താവള അധികൃതരോ തയ്യാറാകാത്തത് പ്രവാസികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

അന്യനാട്ടില്‍ രാപകലില്ലാതെ അധ്വാനിച്ച് നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിചേണ്ടി വരുന്നത് ദു:ഖകരമാണെന്ന് പ്രവാസികളും പറയുന്നു. സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.