ശമ്പളത്തെച്ചൊല്ലി തര്‍ക്കം: ഇതര സംസ്ഥാനത്തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാലക്കാട്: കൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഇതര സംസ്ഥാനത്തൊഴിലാളി കൊല്ലപ്പെട്ടു. ഇതര സംസ്ഥാനത്തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിനു സമീപത്തുനിന്ന് ഉത്തര്‍പ്രദേശ് സ്വദേശി അനില്‍ ഫാഹിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി നടന്ന കൊലപാതകത്തെത്തുടര്‍ന്ന് അനിലിന്റെ ബന്ധു ധര്‍മ്മരാജ് ഫാഹിനയെ ചര്‍പ്പുളശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.

ധര്‍മ്മരാജ് ഫാഹിനിയുടെ കീഴില്‍ ജോലി ചൊയ്യുകയായിരുന്നു അനില്‍. ശമ്പളവ്യത്യാസത്തെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഇവര്‍ തമ്മില്‍ താമസിക്കുന്ന കെട്ടിടത്തിനു മുകളില്‍ വെച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ധര്‍മരാജ് അനിലിനെ പിടിച്ച് തള്ളുകയും ചെയ്തു. അനില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് മരിക്കുകയായിരുന്നു.