എംജി സര്‍വാകലാശാല വിസിയ്ക്ക് യോഗ്യത ഇല്ല; നിയമനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദു ചെയ്തു. സര്‍വകലാശാല വിസിയാകാന്‍ നിഷ്‌കര്‍ശിച്ചിരിക്കുന്ന യോഗ്യത ബാബു സെബാസ്റ്റ്യന് ഇല്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി അംഗീരിച്ചാണ് കോടതിയുടെ വിധി.

വൈസ് ചാന്‍സിലര്‍ക്ക് പത്ത് വര്‍ഷം പ്രൊഫസറായുള്ള സേവനപരിചയം വേണമെന്ന യുജിസി ചട്ടം ബാബു സെബാസ്റ്റ്യന്റെ നിയമനകാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ലന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വൈസ് ചാന്‍സിലറാകാന്‍ വേണ്ട യോഗ്യത തനിക്ക് ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ഹൈക്കോടതി വിധി പഠിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഡോ ബാബു സെബാസ്റ്റ്യന്‍ വ്യക്തമാക്കി. ഒന്നുകില്‍ പത്തുവര്‍ഷത്തെ പ്രൊഫസറായുള്ള പരിചയമോ അല്ലെങ്കില്‍ പത്ത് വര്‍ഷത്തെ അക്കാദമിക് അഡ്മിനിസ്ട്രേഷന്‍ രംഗത്തെ പരിചയമോ ആണ് വൈസ് ചാന്‍സിലറാകാന്‍ യുജിസി വച്ചിരിക്കുന്ന മാനദണ്ഡമെന്ന് അദ്ദേഹം പ്രതികരിച്ചു. ഈ യോഗ്യ തനിക്ക് ഉണ്ടെന്നും 11 വര്‍ഷത്തെ സ്റ്റേറ്റ് ലവല്‍ സേവനത്തിന് ശേഷമാണ് എംജിയില്‍ വിസിയായതെന്നും അദ്ദേഹം വ്യക്തമാക്കി.

2014 ഓഗസ്റ്റില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് എജി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ ബാബു സെബാസ്റ്റ്യനെ നിയമിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ താല്‍പര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. മുന്‍പ് കേരള കോണ്‍ഗ്രസിന്റെ നോമിനിയായി എംജി സര്‍വകലാശാല വൈസ് ചാന്‍സിലറായ ഡോ എവി ജോര്‍ജിന് മതിയായ യോഗ്യത ഇല്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഷീല ദീക്ഷിത് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. ജോര്‍ജിന്റെ പിന്‍ഗാമിയായാണ് ഡോ ബാബു സെബാസ്റ്റ്യന്‍ നിയമിതനായത്. അദ്ദേഹത്തിനും മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ഡോ ബാബു സെബാസ്റ്റ്യനെ നിയമിച്ച ഘട്ടത്തിലും മതിയായ യോഗ്യത അദ്ദേഹത്തിന് ഇല്ലെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും സഖ്യകക്ഷിയായിരുന്ന കേരള കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിന് സര്‍ക്കാരിനെ നയിച്ചിരുന്ന കോണ്‍ഗ്രസും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വഴങ്ങുകയായിരുന്നു.