മീ ടൂ കുരുക്ക് അലന്‍സിയറിന് നേരെയും; പുതുമുഖ നടിയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: മുതിര്‍ന്ന നടന്‍ അലന്‍സിയറിന് എതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടി രംഗത്ത്. മീ ടൂവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങല്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുന്നത്. പ്രൊട്ടെസ്റ്റിംഗ് ഇന്ത്യ
എന്ന സൈറ്റിലൂടെയാണ് നടി താന്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

താനൊരു തുടക്കക്കാരിയാണെന്നും സ്വയം ഇടം കണ്ടെത്താൻ പ്രയാസപ്പെടുന്നവളാണെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും ആരോപണമുന്നയിച്ചയാൾ പറയുന്നു.

തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും നടി വെളിപ്പെടുത്തുന്നു. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കംമുതൽ തന്നെ സമീപിച്ചത്.

നടി പറയുന്നതിങ്ങനെ:

വേണ്ടപ്പെട്ടവരുടെ മുന്നില്‍ പോലും എനിക്ക് കഴിവ് തെളിയിക്കണം..ഞാന്‍ ഈ മേഖലയില്‍ തുടക്കക്കാരി മാത്രമാണ്..അതുകൊണ്ടാണ് പേര് വെളിപ്പെടുത്താതെ ഞാന്‍ എന്റെ അനുഭവം പറയുന്നത്.

അലന്‍സിയറിനെ പരിചയപ്പെടുന്നതുവരെ എനിക്ക് അദ്ദേഹത്തോട് ആരാധനയായിരുന്നു. സമൂഹത്തില്‍ നടക്കുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ അദ്ദേഹം പ്രതികരിക്കുന്നതു കണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിരുന്നു. പക്ഷേ, വളരെ വൈകിയാണ് ഇതൊക്കെ അയാളുടെ മുഖംമൂടിയാണെന്ന് മനസിലായത്.

നിരവധി തവണ അലന്‍സിയറില്‍ നിന്നും ദുരനുഭവം ഉണ്ടായതായി ഇവര്‍ പറയുന്നു. ആദ്യ തവണ നോട്ടം കൊണ്ടും രണ്ടാം തവണ ഒരു സഹനടിയുമായി തന്റെ റൂമില്‍ കയറി വന്നും മൂന്നാം തവണ തന്റെ റൂമില്‍ മദ്യപിച്ച് വന്നും മോശമായി പെരുമാറി.

ആദ്യത്തെ സംഭവം നടക്കുമ്പോള്‍ ഞാനും സഹനടനും അയാളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണത്തിന് മുന്നില്‍ ഇരിക്കുമ്പോഴും അയാളുടെ നോട്ടം എന്റെ മാറിടത്തിലേക്ക് ആയിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി..പക്ഷേ ആ സമയത്ത് എനിക്കൊന്നും ചെയ്യാനായില്ല..മിണ്ടാതെ അവിടെ ഇരിക്കാനേ കഴിഞ്ഞുള്ളൂ.. പീന്നീട് എന്റെ മുറിയിലേക്ക് കൂട്ടുകാരിയുമായെത്തിയ അയാള്‍ ഒരു അഭിനേതാവിന് തന്റെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു സംസാരം തുടങ്ങി.നാടക പശ്ചാത്തലത്തില്‍ നിന്നു വന്നിട്ടും ഞാന്‍ ഇതിനെക്കുറിച്ച് ബോധവതിയെല്ലെന്നും പറഞ്ഞ് അപമാനിക്കുകയും ചെയ്തു.

ആര്‍ത്തവ സമയത്ത് ക്ഷീണിച്ച് റൂമില്‍ കിടന്ന സമയത്ത് മദ്യപിച്ച് റൂമില്‍ വരികയും ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന് ബെഡില്‍ കിടക്കുകയും ചെയ്തു. പിന്നീട് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ അവിടെയെത്തി തന്നെ രക്ഷിക്കുകയുമായിരുന്നുവെന്നും നടി പറയുന്നു.

രാത്രി ഷൂട്ട് കഴിഞ്ഞ മറ്റൊരുദിവസം മുറിയില്‍ വിശ്രമിക്കവെയും അലന്‍സിയര്‍ വീണ്ടും അപമര്യാദയായി പെരുമാറുകയും സംസാരിക്കുകയും ചെയ്‌തെന്നും യുവതി പറയുന്നു.

ഷൂട്ടിങ്ങിന്റെ സമയത്ത് അലന്‍സിയറിന്റെ കണ്ണുകള്‍ തന്നെയും അവിടെയുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളെയും ചുറ്റിപ്പറ്റിയുണ്ടായിരുന്നു. അയാളെ അഭിമുഖീകരിക്കേണ്ടിവന്ന സമയത്തെല്ലാം നാവുകൊണ്ട് അയാള്‍ അശ്ലീലച്ചുവയുള്ള ആംഗ്യങ്ങള്‍ കാണിച്ചിരുന്നെന്നും ലൈംഗീക ദാരിദ്രമനുഭവിക്കുന്ന ആളെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റമെന്നും യുവതി പറയുന്നു.

ഞാനിതെഴുതുമ്പോഴും ആ സിനിമയില്‍ അഭിനയിച്ചതും അയാളോടൊപ്പം മറ്റ് സിനിമകളില്‍ അഭിനയിച്ചതുമായ മറ്റ് പല നടിമാര്‍ക്കും അയാളെക്കുറിച്ച് പറയാന്‍ കാണുമെന്നും നടി പറയുന്നു..

വെളിപ്പെടുത്തലിന്റെ പൂര്‍ണരൂപം ഇംഗ്‌ളീഷില്‍ ഇവിടെ വായിക്കാം