തെറ്റ് പറ്റിപ്പോയെന്ന് അയാള്‍ കരഞ്ഞ് പറഞ്ഞു; അലന്‍സിയറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി

നടന്‍ അലന്‍സിയറിനെതിരെ ലൈംഗികാരോപണമുന്നയിച്ച പുതുമുഖ നടി ദിവ്യാ ഗോപിനാഥ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ദിവ്യ തന്റെ അനുഭവം വെളിപ്പെടുത്തിയത്. പേര് വെളിപ്പെടുത്താതെ താന്‍ അനുഭവം എഴുതിയതിനെ പലരും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ വീഡിയോയുമായി എത്തിയതെന്ന് ദിവ്യ പറയുന്നു. ആഭാസം സിനിമയിലെ നായികയാണ് ദിവ്യ.

ആഭാസം സിനിമയുടെ സമയത്ത് പെണ്‍കുട്ടികളുമായി അടുത്ത് ഇടപഴകിയെന്ന തരത്തില്‍ മറ്റ് സിനിമകളുടെ സെറ്റില്‍ പോയി പറഞ്ഞതായി അറിയുകയും ആ സമയത്ത് താന്‍ അലന്‍സിയറിനെ വിളിച്ചതായും നടി പറയുന്നു. എന്നാല്‍ ആ സമയത്ത് ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്..ഞാന്‍ ഏത് മാനസികാവസ്ഥയിലാണ് അങ്ങനെ പെരുമാറിയതെന്ന് അറിയില്ല എന്നു പറഞ്ഞ് അലന്‍സിയര്‍ കരയുകയായിരുന്നെന്നും വീഡിയോയില്‍ ദിവ്യ പറയുന്നു.

ALSO READ അലന്‍സിയറിന്റെ കുരുക്ക് മുറുകും; പരാതികളുമായി കൂടുതല്‍ പേര്‍ രംഗത്ത്

പൊട്ടിക്കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞതിങ്ങനെ; ഞാനെന്റെ ജീവിതത്തില്‍ ആദ്യമായി സിനിമാ സെറ്റില്‍ ചെയ്ത തെറ്റായിരുന്നു അത്. അതിനെക്കുറിച്ച് വിഷമത്തോടെയാണ് ഞാന്‍ എല്ലാവരോടും പറഞ്ഞത്. എന്നാല്‍ അത് കേട്ട് മറ്റുള്ളവര്‍ എന്താണ് നിങ്ങളോട് പറഞ്ഞതെന്ന് എനിക്കറിയില്ല. നിങ്ങളെ ഒരു തരത്തിലും അപമാനിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല…

“അലന്‍സിയറിന്റെ ഈ വാക്ക് ഞാന്‍ വിശ്വസിക്കുകയായിരുന്നു..അദ്ദേഹത്തിന് ഒരു തെറ്റ് പറ്റിയതാകും..അദ്ദേഹത്തിന്റെ പ്രായത്തെയും അദ്ദേഹമെന്ന നടനെയും ഞാന്‍ വിശ്വസിച്ചു…ഞാന്‍ ഒരു സംഘടനയുടെയും ഭാഗമല്ല…അതുകൊണ്ട് തന്നെ ഇത് ആരോട് പറയണമെന്ന് അറിയില്ലായിരുന്നു”

സംഘടനയുടെ ഭാഗമായ ഒരു നടി ആക്രമിക്കപ്പെട്ടിട്ടും അതില്‍ കുറ്റാരോപിതനായ നടനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്ന സംഘടനയില്‍ ഞാന്‍ പരാതി പറഞ്ഞാല്‍ അവരത് വിശ്വസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ആ സംഘടനയില്‍ വിശ്വസിക്കുന്നില്ല..അലന്‍സിയറിനൊപ്പമെ സംഘടന നില്‍ക്കുന്നുള്ളൂ എന്ന് മനസിലാകുനനു..ഞാന്‍ ഈ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും അറിയുന്ന..ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്.

പിന്നീടാണ് ഞാന്‍ ഡബ്ല്യു.സി.സി യില്‍ പരാതി പറയുന്നത്. ജസ്റ്റിസ് ഹേമ കമ്മീഷനില്‍ പോയി ഇത് പറയാന്‍ ശ്രമിച്ചു. അവര്‍ എന്നെ ഒറ്റയ്ക്ക് വിളിച്ച് സംസാരിക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത് അയാള്‍ പല സിനിമാ സെറ്റുകളിലും പെണ്‍കുട്ടികളോട് ഇത്തരത്തില്‍ തന്നെയാണ് പെരുമാറുന്നത്. അന്ന് സംഭവിച്ചത് മെന്റല്‍ ട്രോമയിലല്ല എന്ന് പല സ്ത്രീകളും പറഞ്ഞ് ഞാന്‍ കേട്ടു..അന്ന് അദ്ദേഹത്തോട് ഞാന്‍ ക്ഷമിച്ചതെന്തിന് എന്ന് ഞാന്‍ ചിന്തിച്ചു.

ഇയാള്‍ ഇത്ര വൃത്തികെട്ട മനുഷ്യനാണോ എന്ന് ഞാന്‍ ആലോചിച്ചു. അപ്പോഴാണ് മീ ടൂ ക്യാംപെയ്ന്‍ വന്നത്. ഇതാണ് പറ്റിയ സമയമെന്ന് എനിക്ക് തോന്നി. ഇത് എന്നെക്കൊണ്ട് ആരും പറഞ്ഞ് ചെയ്യിപ്പിക്കുന്നതല്ലെന്നും ദിവ്യ പറയുന്നു