ഫ്‌ളോറിഡയില്‍ നഴ്‌സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് വകവരുത്താന്‍ കാരണം അപകര്‍ഷതാ ബോധമെന്ന് സൂചന

കോട്ടയം: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മോനിപ്പള്ളി മരങ്ങാട്ട് സ്വദേശിയായ നഴ്‌സ് മെറിന്‍ ജോയിയെ ഭര്‍ത്താവ് വകവരുത്താന്‍ കാരണം അപകര്‍ഷതാ
ബോധമെന്ന് സൂചന. ഇങ്ങനെയുള്ള പല കൊലപാതകക്കേസുകളിലെയും പോലെ സംശയരോഗിയായിരുന്നില്ല നെവിന്‍ എന്ന ഫിലിപ്പ് എന്നാണ് ബന്ധുക്കള്‍
പറയുന്നു.
എന്നാല്‍, അമേരിക്കയില്‍ വച്ചുണ്ടായ ജോലി സംബന്ധമായ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് ഫിലിപ്പിനെ വല്ലാതെ അലട്ടി.

തനിക്ക് ജോലിയുണ്ടെങ്കിലും
അത് ഭാര്യയുടേതിനേക്കാള്‍ താഴ്ന്നതാണെന്ന ബോധം ഫിലിപ്പിനെ എപ്പോഴും അലട്ടി. പതിയെ പതിയെ ദാമ്ബത്യത്തില്‍ അസൂയയുടെ വേരുകള്‍ ആഴ്ന്നു. ഭാര്യ
മെറിന്‍ ചെയ്യുന്നതെല്ലാം കുറ്റമായി. രണ്ടുവയസുള്ള മകള്‍ നോറ നടക്കുന്നതിനിടെ ബാലന്‍സ് തെറ്റി വീണാല്‍ പോലും മെറിനെ മര്‍ദ്ദിക്കുന്ന അവസ്ഥയിലേക്ക്
കാര്യങ്ങള്‍ നീങ്ങി.

സമൂഹത്തില്‍ എല്ലാവരും തന്നേക്കാള്‍ ഭാര്യയെ വിലമതിക്കുന്നതായി ഫിലിപ്പിന് തോന്നി.

മെറിന്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. ബെംഗളൂരു സെന്റ്
ജോണ്‍സിലെ ഒന്നാംതരം വിദ്യാര്‍ത്ഥിനി. ആദ്യം ചെറിയ വാക്കേറ്റങ്ങളില്‍ തര്‍ക്കങ്ങള്‍ തീര്‍ന്നെങ്കിലും ഒടുവില്‍ ഇതെന്തൊരു മനുഷ്യന്‍ എന്ന പൊറുതികേടിലേക്ക്
കാര്യങ്ങള്‍ നീങ്ങി. ഇത്തവണ നാട്ടിലെത്തിയ മെറിനും നെവിനുമായി വഴക്കുണ്ടായിരുന്നു. നെവിന്‍ അമേരിക്കക്കുമടങ്ങിയ ശേഷമാണ്് മെറിന്‍
ജോലിസ്ഥലത്തേയ്ക്ക് തിരിച്ചത്.
മോനിപ്പിള്ളി മരങ്ങാട്ടില്‍ ജോയി- മേഴ്‌സി ദമ്ബതികളുടെ മൂത്തമകളാണ് കൊല്ലപ്പെട്ട മെറിന്‍. പിറവത്ത് താമസിച്ചിരുന്ന ജോയി 30 വര്‍ഷം
മുമ്ബാണ് മോനിപ്പിള്ളിയിലേയ്ക്ക് താമസം മാറിയെത്തുന്നത്. ജോയി അമ്മയുടെ സഹോദരന്മാരില്‍ മൂന്ന് പേര്‍ അമേരിക്കയിലാണ്. ഇവര്‍ക്കൊപ്പം കുറച്ചുകാലം
ജോയി അമേരിക്കയില്‍ കഴിഞ്ഞിട്ടുണ്ട്.

പ്ലസ് ടു പഠനകാലത്ത് നെവിനെ സഹോദരി അമേരിക്കയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇവിടെ
തങ്ങി പഠനം തുടര്‍ന്നു. കോട്ടയം രൂപത നടത്തിയിരുന്ന പത്രത്തിലെ മാട്രിമോണി കോളത്തിലെ പരസ്യം കണ്ടാണ് മെറിന്റെ വീട്ടുകാര്‍ നെവിനുമായുള്ള
വിവാഹാലോചനയുമായി മുന്നോട്ടുപോയത്. അമേരിക്കയില്‍ വളര്‍ന്നതിനാല്‍ നെവിന്റെ സ്വഭാവത്തെക്കുറിച്ച്‌ നാട്ടിലെ അടുപ്പക്കാര്‍ക്കുപോലും
എത്തുംപിടിയുമുണ്ടായിരുന്നില്ല.
.
നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്ബയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന
സുഹൃത്ത് പറഞ്ഞു. നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. ‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു
മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്‌ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍
കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്.’

സഹപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരിയാണ് മെറിന്‍. അവള്‍ക്കീ ദുര്‍ഗതി വന്നല്ലോയെന്നാണ്
എല്ലാവരും സങ്കടപ്പെടുന്നത്.
പതിവ് പോലെ മെറിന്റെ വീഡിയോ കോള്‍ വന്നിരുന്നു ചൊവ്വാഴ്ചയും. പിതാവ് ജോയിയോടും മാതാവ് മേഴ്‌സിയോടും നഴ്‌സിങ്ങിന് പഠിക്കുന്ന
സഹോദരി മീരയോടും സംസാരിച്ചു. കുഞ്ഞുനോറയുടെ കളിചിരികള്‍ കണ്ടു. രാത്രി 10 മണിയോടെ വന്ന ആ വാര്‍ത്ത വീട്ടുകാര്‍ എങ്ങനെ വിശ്വസിക്കാന്‍.
നെവിന്‍ ഫിലിപ്പുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ പരാതികള്‍ പറയുന്ന സ്വഭാവക്കാരിയായിരുന്നില്ല. ഡിസംബറില്‍ നാട്ടിലെത്തിയെങ്കിലും,
10 ദിവസം മാത്രമാണ് ഉണ്ടായിരുന്നത്. ജനുവരി 12 പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത നെവിന്‍ ഫിലിപ്പ് നേരത്തെ തന്നെ മടങ്ങി. ജനുവരി 29 ന് മെറിനും.
ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നെങ്കിലും ഫിലിപ്പ് ഭീഷണിയാണെന്ന് തുറന്നുപറഞ്ഞിരുന്നില്ല.

സൗത്ത് ഫ്‌ളോറിഡ കോറല്‍ സ്പ്രിങ്‌സില്‍
ബ്രോവാര്‍ഡ് ഹെല്‍ത്ത് ആശുപത്രിയില്‍ നേഴ്സായിരുന്നു മെറിന്‍. മെറിനെ നഴ്‌സിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
രാവിലെ ഏഴരയോടെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട്) രാത്രിഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് സ്ഥലത്ത് എത്തിയപ്പോഴാണ് മെറിന്‍
ജോയിക്ക് കുത്തേറ്റത്.

കുറച്ചുകാലമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് മെറിനും നെവിനും. മെറിന്‍ ഈ ഹോസ്പിറ്റലില്‍നിന്നു രാജി വച്ച്‌ താമ്ബയിലേക്കു
താമസം മാറാനുള്ള ഒരുക്കത്തിലായിരുന്നു.
ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്ബോഴാണ് ആക്രമത്തിനിരയായതെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് നിന്ന്
കാറോടിച്ച്‌ ഹോട്ടലിലേക്ക് പോയ ഭര്‍ത്താവിനെ അവിടെവച്ചാണ് പൊലീസ് പിടികൂടിയത്. മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള ഫിലിപ്പ് ഇന്നലെ കോറല്‍
സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു.

ബ്രൊവാര്‍ഡ് ആശുപത്രിയിലെ
ജോലി രാജിവച്ച്‌ മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് മെറിന് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വര്‍ഷമായി ബ്രെവാര്‍ഡ് ആശുപത്രിയിലായിരുന്നു
ജോലി. കോവിഡ് രോഗികളെ പരിചരിച്ചിരുന്ന മെറിനെ കുറിച്ച ആശുപത്രി അധികൃതര്‍ക്കും കൂട്ടുകാര്‍ക്കും നല്ലതേ പറയാനുള്ളൂ. ഭര്‍ത്താവില്‍ നിന്ന് കൂടുതല്‍
അകന്നു ജീവിക്കാനാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറാന്‍ തീരുമാനിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു
പിടിയിലായി.