മെകുനു: രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഒമാന്‍

മസ്‌കറ്റ്: ഒമാനില്‍ മെകുനു ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. നാശനഷ്ടങ്ങളുടെ കണക്കെടുത്തും അടിയന്തര സഹായങ്ങളെത്തിച്ചും റോഡുകള്‍ ഗതാഗയോഗ്യമാക്കിയും വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സംവിധാനങ്ങള്‍ ഏകോപിപ്പിച്ചുമുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകള്‍ മരുന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവയുമായി ദോഹയില്‍ എത്തിയിട്ടുണ്ട്.

റോയല്‍ഒമാന്‍ പോലീസ്, സിവില്‍ ഡിഫന്‍സ്, ആരോഗ്യമന്ത്രാലയം തുടങ്ങിയവയുടെ നേതൃത്വത്തിലാണ് വിപുലമായ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. 6000-ത്തിലധികം സന്നദ്ധപ്രവര്‍ത്തകരും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. തകര്‍ന്ന പാലങ്ങളുടെയും റോഡുകളുടെയും പുനര്‍നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കാനുള്ള നടപടികള്‍ ദ്രുതവേഗത്തില്‍ പുരോഗമിക്കുകയാണ്. മിക്കവാറും സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. ചെളിയും മറ്റ് മാലിന്യങ്ങളും നീക്കി രണ്ട് പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.