സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച മെകുനു ഒമാന്‍ തീരത്തേയ്ക്ക്

മസ്‌ക്കറ്റ്: യെമനിലെ സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച മെകുനു ഒമാന്‍ തീരത്തേയ്ക്ക്. സൊകോത്ര ദ്വീപില്‍ കാറ്റിലും മഴയിലുംപ്പെട്ട് പതിനേഴുപേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഗ്രാമങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുന്ന മെകുനു ഒമാന്‍ തീരത്തെത്തുമ്പോള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് പറയുന്നത്. ഒമാനില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഉയര്‍ന്ന വേഗത്തിലുള്ള കാറ്റും മഴയും മിന്നലോടുകൂടിയ കനത്ത മഴയും അനുഭവപ്പെടും. കടല്‍ പ്രക്ഷുപ്തമാകും. തിരമാലകള്‍ അഞ്ച് മുതല്‍ എട്ടുമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്.

അറബിക്കടലില്‍ രൂപംകൊണ്ട മെകുനു കാറ്റഗറി ഒന്ന് വിഭാഗത്തില്‍പ്പെടുന്ന ചുഴലിക്കാറ്റായി മാറിയതായി പബ്വിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ കീഴിലുള്ള കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.