അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ മരുന്ന് ഉടനെ

അല്‍ബുക്വര്‍ക്ക്: അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ മരുന്നുമായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കോയിലെ(UNM) ഒരു സംഘം ഗവേഷകര്‍. ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം. രോഗം ബാധിച്ചു കഴിഞ്ഞാൽ ഓർമ ഇല്ലാതാകുകയും, പിന്നീട് കുറച്ചു വർഷങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്യും. പുതിയ വാക്‌സിനിലൂടെ അല്‍ഷിമേഴ്‌സിനെ തടയാനാവുമെന്നാണ് ഗവേഷകരുടെ വാദം.

അഞ്ച് വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചതായി യുഎന്‍എമ്മിലെ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറായ കിരണ്‍ ഭാസ്‌കര്‍ പറഞ്ഞു. 2013 ലാണ് ഇത് മുന്‍നിര്‍ത്തി ഗവേഷണം ആരംഭിച്ചത്. അല്‍ഷിമേഴ്‌സിനെതിരെ ഏതെങ്കിലും വിധത്തിലുള്ള മരുന്ന് വികസിപ്പിച്ചെടുക്കണമെന്നുള്ള വെല്ലുവിളി ഏറ്റെടുത്താണ് ഗവേഷണങ്ങള്‍ മുന്നോട്ട് കൊണ്ടുപോയതെന്ന് കിരണ്‍ ഭാസ്‌കര്‍ പറയുന്നു.

രോഗികളുടെ തലച്ചോറില്‍ കണ്ടുവരുന്ന പ്രത്യേക പ്രോട്ടീനെ ലക്ഷ്യമാക്കിയാണ് പ്രതിരോധമരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളത്. വാക്‌സിനിലെ ആന്റിബോഡികള്‍ക്ക് ഈ പ്രോട്ടീനെ ഇല്ലാതാക്കാന്‍ കഴിവുണ്ടെന്നാണ് യുഎന്‍എമ്മിലെ ഗവേഷക വിദ്യാര്‍ഥിയായ നിക്കോള്‍ മേഫിസ് പറഞ്ഞു. എലികളില്‍ പുതിയ വാക്‌സിനുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങള്‍ ഈ പ്രത്യേകതരം പ്രോട്ടീന്‍ സാന്നിധ്യം ഇല്ലാതാക്കുന്നതായി കണ്ടെത്തിയെന്ന് മേഫിസ് കൂട്ടിച്ചേര്‍ത്തു.

ഈ പ്രതിരോധ മരുന്ന് മനുഷ്യരിലെത്താന്‍ കുറച്ചു സമയം കൂടി കാത്തിരിക്കേണ്ടി വരും. ഇതൊരു പൂര്‍ണവിജയമായി കണക്കാക്കാനാവില്ലെന്ന് കിരണ്‍ ഭാസ്‌കറും നിക്കോള്‍ മേഫിസും പറയുന്നു. മനുഷ്യരില്‍ ഇത് പരീക്ഷിക്കാനുള്ള അനുമതി ഇതു വരെ ലഭിച്ചിട്ടില്ല. അനുമതിക്കായുള്ള ശ്രമത്തിലാണ് യുഎന്‍എമ്മിലെ ഗവേഷകര്‍.