എംബീറ്റ് വഴി 13,64,891 വീടുകളില്‍ ജനമൈത്രി പൊലീസ് സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: ജനമൈത്രി പൊലീസ് മുഖേന നടപ്പാക്കുന്ന സോഫ്റ്റ് വെയര്‍ അധിഷ്ഠിത ബീറ്റ് സംവിധാനമായ എംബീറ്റ് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെ 13,64,891 വീടുകളില്‍ ജനമൈത്രി പൊലീസ് ഇതുവരെ സന്ദര്‍ശനം നടത്തി. എംബീറ്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ബാക്കിയുള്ള 120 പൊലീസ് സ്റ്റേഷനുകളില്‍ മൂന്നുമാസത്തിനകം ഇത് നിലവില്‍ വരും.
മാസ്‌ക്ക് ധരിക്കാത്ത 2869 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച 24 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ സ്‌ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിനായി കോഴിക്കോട് നിന്നുള്ള വൈല്‍ഡ് ലൈഫ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ സംഭവസ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കിറ്റ് വിതരണം

കോവിഡ് പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 84,48,016 സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകള്‍ വഴി ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ആകെ 86,19,951 കിറ്റുകളാണ് റേഷന്‍ കടകള്‍ക്ക് ലഭ്യമാക്കിയത്. 1,71,935 കിറ്റ് സ്‌റ്റോക്കുണ്ട്. 17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്. ഒരു കിറ്റിന്റെ വിപണിവില 1042 രൂപ 25 പൈസയാണ്.

എന്നാല്‍, ഗോഡൗണ്‍, ലോഡിങ്, അണ്‍ലോഡിങ്, പാക്കിങ്, വിതരണം എന്നിവയ്‌ക്കെല്ലാം ചേര്‍ത്ത് സംസ്ഥാനത്തിന് വന്ന യഥാര്‍ത്ഥ ചെലവ് കിറ്റ് ഒന്നിന് 974 രൂപ മൂന്നു പൈസയാണ്. ആകെ ഈയിനത്തില്‍ 850.13 കോടി രൂപ ചെലവുവന്നു. ഇക്കാര്യത്തില്‍ വളണ്ടിയര്‍മാര്‍ വലിയ സേവനമാണ് അനുഷ്ഠിച്ചിട്ടുള്ളത്. കിറ്റുകള്‍ തയ്യാറാക്കുന്നതിന് അവര്‍ സമയപരിധിയില്ലാതെ പ്രവര്‍ത്തിച്ചു. സമയബന്ധിതമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും തൊഴിലാളികളെയും റേഷന്‍ കട ഉടമകളെയും വളണ്ടിയര്‍മാരെയും അഭിനന്ദിക്കുന്നു.