കടകംപള്ളിക്ക് പിറകെ എം.ബി.രാജേഷും, ശോഭയ്ക്ക് ട്രോളഭിഷേകം; കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ട്രോളി എം.ബി.രാജേഷ് എം.പിയും. ക്ഷേത്ര ഭണ്ഡാരങ്ങളില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എം.ബി.രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നത് കാവ്യനീതിയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം

ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടരുതെന്ന് പ്രസംഗിച്ചപ്പോള്‍ ഇത്ര പെട്ടെന്ന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ഭണ്ഡാരത്തിലിടാനായി മാറ്റിവച്ച തുക ഇനി സര്‍ക്കാരിലേക്കടക്കാം.പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് പ്രചരിപ്പിച്ചവരുടെ നേതാവിന് തന്നെ സര്‍ക്കാരിലേക്ക് 25,000 രൂപ അടക്കേണ്ടി വന്നിരിക്കുന്നു. ഇതാണ് കാവ്യനീതി.ഹൈക്കോടതിയില്‍ അനാവശ്യവാദങ്ങള്‍ ഉയര്‍ത്തി കോടതിയുടെ സമയം മെനക്കെടുത്തിയതിനാണ് പിഴ. ചാനലുകളില്‍ വന്നിരുന്ന്പ്രേക്ഷകരുടെ സമയം മെനക്കെടുത്തുന്നതിനും അനാവശ്യ വാദങ്ങള്‍ ഉയര്‍ത്തുന്നതിനും പിഴയിട്ടിരുന്നെങ്കില്‍ ചാനലുകള്‍ക്കും ഒരു നല്ല വരുമാനമാവുമായിരുന്നു. ഇനിയും അത് ആലോചിക്കാവുന്നതാണ്