നഗരസഭയിലേക്ക് സൈക്കിളിലെത്തി മേയർ കെ.ശ്രീകുമാർ

തിരുവനന്തപുരം: ലോക സൈക്കിൾ ദിനത്തിൽ തന്റെ വീട്ടിൽ നിന്നും നഗരസഭയിലേക്ക് സൈക്കിളിലെത്തി മേയർ കെ.ശ്രീകുമാർ. ചാക്കയിലെ വീട്ടിൽ നിന്നും നഗരസഭയിലേക്കുള്ള 5 കിലോമീറ്റർ ദൂരമാണ് മേയർ സൈക്കിളിലെത്തിയത് . സ്ഥിരമായി വ്യായാമത്തിന്റെ ഭാഗമായി സൈക്കിൾ ചവിട്ടാറുണ്ടെന്നും , ആരോഗ്യ സംരക്ഷണത്തിനും പരിസ്ഥിതിയുടെ നൻമയ്ക്കും ചെറുയാത്രകൾക്കായി കഴിയാവുന്നതും സൈക്കിൾ ഉപയോഗം ശീലമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു .
സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ 8,9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യമായി സൈക്കിൾ നൽകാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു . സുരക്ഷിതമായ സൈക്കിൾ സവാരിക്കായി നഗരത്തിലെ തിരഞ്ഞെടുത്ത മൂന്ന് കേന്ദ്രങ്ങളിൽ സൈക്കിൾ പാതകൾ ഒരുക്കുമെന്നും മേയർ അറിയിച്ചു . കുട്ടികളിൽ സൈക്കിൾ ഉപയോഗത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻഡസ് സൈക്കിൾ എംബസിയുടെ സഹകരണത്തോടെ സൈക്കിൾ ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട് .