സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും അയ്യായിരം രൂപയും നൽകിയതായി മാത്യു

കോഴിക്കോട്: കൂടത്തായിക്കേസില്‍ സയനൈഡ് ലഭിക്കാന്‍ രണ്ടുകുപ്പി മദ്യവും അയ്യായിരം രൂപയും പ്രജികുമാറിനു നല്‍കിയതായി മാത്യു മൊഴി നല്‍കി.

പെരുച്ചാഴിയെ കൊല്ലാനാണെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു നേരത്തേ പ്രജികുമാര്‍ മൊഴി നല്‍കിയിരുന്നു. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണ മാത്രമാണ് സയനൈഡ് നല്‍കിയതെന്നും അന്വേഷണ സംഘത്തോട് മാത്യു പറഞ്ഞു.

എന്നാല്‍ രണ്ടുതവണ മാത്യു തനിക്കു സയനൈഡ് നല്‍കിയെന്നാണ് ജോളി പറഞ്ഞത്. മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതോടെയാണ് പൊലീസ് ഇതില്‍ വ്യക്തത തേടിയത്. പ്രജികുമാറിനു പുറമേ മറ്റൊരാളില്‍ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചിരുന്നു.

കൂടത്തായി കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ ഇന്നു പുലര്‍ച്ചെ നാട്ടിലെത്തിയിരുന്നു. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് അമേരിക്കയില്‍ നിന്ന് ഇന്നു പുലര്‍ച്ചെ റോജോ നാട്ടിലെത്തിയത്.

ഇന്നു പുലര്‍ച്ചെ നാലുമണിക്ക് ദുബായ് വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിച്ചു.

റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവര്‍ക്കും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

കേസില്‍ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കോഴിക്കോട് നിന്ന് ഇന്നോ നാളെയോ ആയി ക്രൈംബ്രാഞ്ച് കോട്ടയത്തെത്തിയാവും മൊഴി രേഖപ്പെടുത്തുക. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്കു നിര്‍ദ്ദേശമുണ്ടെന്നാണു സൂചന. കഴിഞ്ഞ മാസമാണ് കുടുംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് റോജോ പൊലീസില്‍ പരാതി നല്‍കിയത്.