ടെക്‌സാസില്‍ 21-കാരന്‍ വെടിയുതിർത്തു; 20 മരണം; യുവാവ് പിടിയിൽ

വാഷിംഗ്ടണ്‍: യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു.

ടെക്സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെയ്പ്പ് നടത്തിയ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാൽ യുവാവിന് മുന്നിൽപ്പെട്ടവർക്കെല്ലാം വെടിയേൽക്കുകയായിരുന്നു.

സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. ഡാലസിനു സമീപമുള്ള അലെന്‍ സ്വദേശിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയിലാണ് ആക്രമണം നടന്നത്.

വെടിവെപ്പില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ വിലയിരുത്തകയാണെന്നും സര്‍ക്കാരിന്റെ എല്ലാസഹായങ്ങളും ഗവര്‍ണര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.