ചൈനയുടെ എതിര്‍പ്പ്: മസൂദ് അസറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കുന്ന പ്രമേയം പാസായില്ല

ബെയ്ജിംഗ്: ജയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടന സ്ഥാപിക്കുകയും പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെ ചാവേറാക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത ഭീകര നേതാവുമായ മസൂദ് അസറിനെതിരായ നീക്കം ചൈന തടഞ്ഞു. യുഎന്‍ രക്ഷാസമിതിയില്‍ അസറിനെ അഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയാണ് ചൈന വിറ്റോ ചെയ്തത്. ഇത് നാലാം തവണയാണ് യുഎന്‍ സുരക്ഷാ സമിതിയില്‍ ചൈന വിയോജിപ്പ് അറിയിച്ചത്.

ചൈനയുടെ നടപടി നിരാശജനകമെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേര് പറയാതെയാണ് ഇന്ത്യയുടെ പ്രതികരണം. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുന്നത്.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന നേരത്തെ വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. തെളിവുകള്‍ ഇല്ലെന്നും സാങ്കേതിക കാരണളും ചൂണ്ടിക്കാണിച്ചാണ് ചൈന ഇടങ്കോലിട്ടിരുന്നത്.

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മസൂദ് അസറിനെതിരെ ആവശ്യമായ തെളിവുകള്‍ എല്ലാമുണ്ടെന്നാണ് യുഎസ് നിലപാട്.

ജയ്‌ഷെ മുഹമ്മദ് ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായത്. പുല്‍വാമ ആക്രമണത്തിനു പിന്നാലെ ബാലക്കോട്ടിലെ ഭീകര താവളങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഭീകര്‍ക്കെതിരായ ഇന്ത്യയുടെ നടപടിയെ അന്താരാഷ്ട്ര സമൂഹം പിന്തുണച്ചിരുന്നു.