മരട് വിഷയത്തിലെ ഹർജികളൊന്നും ഒരു കോടതിയും പരിഗണിക്കരുത്; കോടതിയിൽ പൊട്ടി തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡൽഹി: മരട് ഫ്ലാറ്റ് വിഷയത്തിലെ ഹർജികളൊന്നും ഒരു കോടതിയും പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി തള്ളി. ഉടമകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനം അദ്ദേഹം നടത്തി.

കൊല്‍ക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാന്‍ ആണോ കല്യാണ്‍ ബാനര്‍ജിയെ ഹാജരാക്കിയതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആരാഞ്ഞു. കോടതിയില്‍ തട്ടിപ്പ് നടത്താനാണ് മുതിര്‍ന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്. പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. ഇത് ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണ്. പണം ലഭിച്ചാല്‍ അഭിഭാഷകര്‍ക്ക് എല്ലാം ആയോ എന്നും ഇവര്‍ക്ക് പണം മാത്രം മതിയോ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ഇനിയും ആവര്‍ത്തിച്ചാല്‍ അഭിഭാഷകര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്‌ളാറ്റ് ഉടമ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു.