മരടിലെ ഫ്ലാറ്റ്; ; ന​ഗരസഭയുടെ അടിയന്തര യോ​ഗം ഇന്ന്; ഉടമകള്‍ക്ക് ഇന്ന് നോട്ടീസ് നല്‍കും

കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് ഉടമകൾക്ക് നഗരസഭ ഇന്ന് നോട്ടീസ് നൽകും. കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ കർശന നിർദേശത്തെ തുടർന്നാണ് ന​ഗരസഭയുടെ നടപടി. സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നീക്കം.

ഉച്ചയ്ക്ക് മുമ്പ് നഗരസഭ നോട്ടീസ് പതിക്കും. തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്ലാറ്റ് സമുച്ചയം ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് താമസിക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകുന്നത്.

തീരദേശപരിപാലന ചട്ടം ലംഘിച്ചാണ് ഫ്ലാറ്റുകളുടെ നിർമ്മാണമെന്നും അതിനാൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടെന്നും സ്വമേധയാ ഒഴിഞ്ഞുപോകണമെന്നുമാകും നോട്ടീസിൽ ഉണ്ടാകുക. ഇതാദ്യമായിട്ടാണ് ഫ്ലാറ്റുകളിലെ ഉടമകൾക്ക് നഗരസഭ ഒദ്യോഗികമായി നോട്ടീസ് നൽകുന്നത്. വിഷയം ചർച്ച ചെയ്യാൻ ഇന്ന് മരട് നഗരസഭാ യോഗവും ചേരും. പത്തരയോടെ ചേരുന്ന നഗരസഭാ കൗൺസിൽ യോഗം തുടർ നടപടികൾ ആലോചിക്കും. ഫ്ലാറ്റ് പൊളിക്കുന്നതിന് കണക്കാക്കുന്ന 30 കോടിയോളം രൂപ സർക്കാർ നൽകണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.