ബി.ജെ.പിയും സി.പി.എമ്മും ഒരേ പാതയിൽത്തന്നെ; ഇരുകൂട്ടരും ഭരണഘടനയെ അട്ടിമറിക്കുന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍

ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ ഭരണഘടനാവിരുദ്ധ പുലർത്തുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. ദീപികയിലെ ‘ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക്?’ എന്ന ഈ ലേഖനത്തിലാണ് സി.പി.എമ്മിനെയും ബി.ജെ.പിയെയും മാര്‍ ജോസഫ് പവ്വത്തില്‍ ഒരേപോലെ കടന്നാക്രമിക്കുന്ന. സി.പി.എം വിരുദ്ധതയ്ക്കും സംഘപരിവാരിന്റെ ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ നിലപാട് വീണ്ടും ചര്‍ച്ചയാവുകയാണ്.

കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന ഏകമതവാദികള്‍ക്ക് ഭാരതത്തിന്റെ ഭരണഘടന എക്കാലവും വിലങ്ങുതടിയും കണ്ണിലെ കരടുമായി തീരുന്നതിന് കാരണം മറ്റെങ്ങും തിരയേണ്ടതില്ല. ഹിന്ദുമതം സ്വീകരിക്കാത്തവര്‍ക്ക് മറ്റ് ഗൃഹങ്ങളിലേക്ക് പോകാമെന്ന് ഉത്തരവാദിത്തപ്പെട്ട ചിലര്‍ പറഞ്ഞതും ഇതിന്റെ തെളിവാണെന്ന് ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ ആര്‍ച്ച് ബിഷപ്പ് ആരോപിക്കുന്നു. ഗോവധം ആരോപിക്കപ്പെടുന്നവരെ നിര്‍ദ്ദയം മര്‍ദ്ദിച്ചുകൊല്ലാന്‍ തീവ്രനിലപാടുകാര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഗോമാംസം ഭക്ഷിക്കുന്നത് ചിലര്‍ക്ക് നിഷിദ്ധമാകാം. ആര്‍ക്കും മറ്റൊരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അവകാശം ഇല്ല. ഭൂരിപക്ഷ ദ്രുവീകരണവും ഏകോപനവും സാധ്യമാക്കി ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യുകയെന്ന കുതന്ത്രമാണ് ഭരണകക്ഷിയുടെ ആശിര്‍വാദത്തോടെ നടപ്പിലാക്കുന്നത്. ഇങ്ങനെപോയാൽ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന്റെ ചരമക്കുറിപ്പെഴുതേണ്ടിവരും.

വടക്കുള്ള മതതീവ്രവാദികള്‍ ഇതര മതവിഭാഗങ്ങള്‍ക്ക് സ്ഥാനം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ഭരണവര്‍ഗ്ഗത്തിന്റെ നിലപാട് ഒരു മതത്തിനും സ്ഥാനമില്ലായെന്നതാണ്. വര്‍ഗ്ഗസമരം അടിസ്ഥാനപ്രമാണമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുമ്പോഴും ഒരുവര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യമാണ് അവരുടെ ലക്ഷ്യം. അതായത് ദൈവനിഷേധവും സര്‍വ്വാധിപത്യവും കൈകോര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റുകാരുടേത്. ഭരണഘടന മുന്നിലുള്ളപ്പോഴും കണ്ണടച്ച് ഇരുട്ടാക്കി സെല്‍ ഭരണം നടത്തിയ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. അത്തരം ചരിത്രം ഇവിടെയുണ്ടുതാനും. വിമോചനസമരമായിരുന്നു അത്തരം സെല്‍ഭരണം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ ആശ്രയിച്ച മാര്‍ഗ്ഗങ്ങളെന്ന് പവ്വത്തില്‍ തുറന്നുസമ്മതിക്കുന്നു. ഇന്നും സെല്‍ഭരണത്തിലേക്ക് മടങ്ങാനുള്ള കോപ്പുകള്‍ കൂട്ടുന്നുണ്ട്. പാര്‍ട്ടിക്കാരുടെ പേരിലുള്ള കേസുകള്‍ തേച്ചുമായ്ച്ചുകളയാനും പാര്‍ട്ടിക്കരല്ലാത്തവരുടെ പേരില്‍ കേസുകളുടെ കുരുക്ക് മുറുക്കാനും ഇത്തരം ശിങ്കിടിസേനകള്‍ ശ്രമിക്കുന്നുവെന്നാണ് പവ്വത്തിലിന്റെ ആക്ഷേപം.

ലക്ഷ്യത്തില്‍ ഭിന്നതയുണ്ടെങ്കിലും ബി.ജെ.പിയും സി.പി.എമ്മും ഒരേത്തൂവല്‍ പക്ഷികളും ഒരേപാതയില്‍ സഞ്ചരിക്കുന്നവരുമാണ്. ബി.ജെ.പിയെ ചെറുക്കാന്‍ മാര്‍ക്‌സിസ്റ്റ് ബാന്ധവം ആകാമെന്ന് കരുതുന്നവര്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണം. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇരുകൂട്ടരും കേരളം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആധാരശിലയായ ഭരണഘടനയെ അട്ടിമറിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരാണെന്ന സത്യം മറന്നുപോയാല്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിനായിരിക്കാം നാം സാക്ഷ്യം വഹിക്കേണ്ടിവരിക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന ചൊല്ലിന് സ്ഥാനമുണ്ടെന്നും, ജനാധിപത്യബോധമുള്ളവര്‍ അത് മനസ്സിലാക്കണമെന്നും പവ്വത്തില്‍ ആഹ്വാനം ചെയ്യുന്നു.