ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി; മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നു ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ്

തിരുവനന്തപുരം: ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.

മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും പിണറായി സഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞു.

നടന്നത് നാടകീയ സംഭവങ്ങളാണെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ശൂന്യവേളയായിരുന്നു മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നു ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകൻ വെളിപ്പെടുത്തി.ആദിവാസികളെ ദൂതന്മാരാക്കി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും അഗളി മുന്‍ എ.എസ്.പിയാണു ചര്‍ച്ചകള്‍ നടത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആക്ഷന്‍ കൗണ്‍സിലിലെ ചിലരും ആദിവാസി വിഭാഗത്തില്‍പ്പെട്ട പൊലീസുകാരും ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നതായും വിവരമുണ്ട്. മാസങ്ങളായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.