കോഴിക്കോട് മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്; പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തി. ഇന്നലെ രാത്രി 7.30 ഓടെ കുണ്ടുതോട് എബ്രഹാമിന്റെ വീട്ടിലാണ് നാലംഗ സംഘം എത്തിയത്. ആയുധധാരികളായ ഇവര്‍ ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് മടങ്ങുകയായിരുന്നു. ഇവര്‍ക്കായി താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.

ആയുധധാരികളായ നാല് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്ന സംഘമാണ് എത്തിയത്. ഇവര്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തി മരച്ചീനി, അരി, ചായപ്പൊടി എന്നീ ഭക്ഷണ സാധനങ്ങള്‍ കെണ്ടുപോവുകയും അവിടെ നിന്ന് പാകം ചെയ്ത് കഴിക്കുകയും ചെയ്തു. കൂടാതെ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്ത് നാല് മണിക്കൂറില്‍ അധികം സമയം ചിലവഴിച്ചാണ് ഇവിടെ നിന്ന് മടങ്ങിയത്.

ഇവര്‍ വയനാട്ടില്‍ നിന്നാണ് വന്നത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇന്റലിജന്‍സ് എസ്പി, താമരശ്ശേരി ഡിവൈഎസ്പി എന്നിവര്‍ സന്ദര്‍ശനം നടത്തി. കൂടാതെ തണ്ടര്‍ ബോള്‍ട്ട് സംഘം കോടഞ്ചേരി കാടുകളില്‍ പരിശോധന നടത്തുന്നുണ്ട്.