നെയ്യാറ്റിന്‍കര കൊലപാതകം: ഐ.ജി ശ്രീജിത്തിന് അന്വേഷണ ചുമതല; ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം:നെയ്യാറ്റിൻകര സനൽവധത്തിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐ.ജിയ്‌ക്ക്. ഐ.ജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐ.ജി തലത്തിലുള്ള അന്വേഷണം തന്നെ വേണമെന്ന് സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

അതേസമയം,കേസിലെ പ്രതി ഡി വൈ എസ് പി ഹരികുമാറിനെ സഹായിച്ചയാള്‍ പിടിയില്‍. ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാര്‍ഡ് സംഘടിപ്പിച്ചു കൊടുത്ത സതീഷ് കുമാര്‍ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ സഹൃത്താണ് സതീഷ് കുമാര്‍. തമിഴ്‌നാട്ടിലെ തൃപ്പരപ്പില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. ഒളിവില്‍ പോയ ഹരികുമാറിനും ബിനുവിനും ഐഡിയയുടെയും ബി എസ് എന്‍ എല്ലിന്റെയും സിം കാര്‍ഡുകള്‍ എടുത്തുനല്‍കുകയും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കിയതും സതീഷ് ആണെന്നാണ് നിഗമനം. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തര്‍ക്കത്തിനിടെ ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍കുമാര്‍ വാഹനമിടിച്ച് മരിച്ചത്. തുടര്‍ന്ന് ഹരികുമാറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.