കണ്ണൂരില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

‍കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ ഗാന്ധിജിയുടെ പ്രതിമ ഇന്നലെ തകര്‍ത്ത സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിയാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നിൽ പി ദിനേശൻ (42) ആണ് പിടിയിലായത്. ബിജെപിയുടെ സജീവ പ്രവർത്തകനാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

അറസ്റ്റിലായ പ്രതിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണ്. അതേസമയം ഇയാൾ മനോരോഗത്തിന് ചികിത്സയിൽ കഴിയുന്നതിന്‍റെ രേഖകൾ ബന്ധുക്കൾ പൊലീസിന്‌ നല്‍കിയിട്ടുണ്ട്. ഇന്നലെ രാ​വി​ലെ 8.30 ഓ​ടെയാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്‍റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിമയിലെ ക​ണ്ണ​ട അ​ടി​ച്ചു​ത​ക​ര്‍​ത്ത അ​ക്ര​മി ക​ഴു​ത്തി​ലി​ട്ടി​രു​ന്ന മാ​ല​യും വ​ലി​ച്ചു​പൊ​ട്ടി​ച്ചു വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ പോകുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരാൾ മൊബൈലിൽ ചിത്രം പകർത്തിയിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.