വിവാഹ അഭ്യർഥന നിരസിച്ച പെൺകുട്ടിയെ വീട്ടിൽ കടന്ന് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊട്ടിയം (കൊല്ലം) : വിവാഹാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വീട്ടിനുള്ളിൽ കടന്ന് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ ഷിനു ആണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്.

പെണ്‍കുട്ടി ചാത്തന്നൂര്‍ കോളേജില്‍ പഠിക്കുമ്പോഴാണ് ഇരുപത്തിയഞ്ചുകാരനായ പ്രതിയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയോട് പ്രണയം തോന്നിയ ഇയാള്‍ വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. പെൺകുട്ടിക്കും വീട്ടുകാർക്കും ഈ വിവാഹത്തോട് താത്‌പര്യമില്ലായിരുന്നു. ഈ വിവരം വീട്ടുകാർ യുവാവിനെ അറിയിച്ചു. പ്രകോപിതനായ ഷിനു ചാത്തന്നൂരിൽവെച്ച് മൂന്നുമാസം മുൻപ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്കുശേഷം തട്ടാമലയിലെ സ്വന്തം വീട്ടിൽ പെൺകുട്ടി പുറത്ത് നിൽക്കുമ്പോൾ ഷിനു ബൈക്കിൽ വരുന്നത് കണ്ടു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാൽ പെണ്‍കുട്ടി വീടിനകത്ത് കയറി വാതിലടച്ച ശേഷം ബന്ധുവിനെ വിവരം അറിയിച്ചു. വീടിന്‍റെ ഓടിളക്കി അകത്ത് കയറിയ പ്രതി മുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമം നടത്തി. അത് വിജയിക്കാതെ വന്നതോടെ ശബ്ദമുണ്ടാക്കാതെ മറഞ്ഞിരുന്നു. ഷിനു പോയെന്ന് കരുതി മുറിയുടെ വാതില്‍ തുറന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ പെട്രോള്‍ ഒഴിച്ചു.

പെട്രോൾ കുപ്പി തട്ടിത്തെറിപ്പിച്ച് നിലവിളിച്ച് പെൺകുട്ടി പുറത്തേക്കോടി. അയൽവാസിയും വിവരമറിഞ്ഞെത്തിയ ബന്ധുവും ചേർന്ന് യുവാവിനെ കീഴ്‌പ്പെടുത്തിയശേഷം പോലീസിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന്‌ ലൈറ്റർ പിടിച്ചെടുത്തു.