രണ്ട് വര്‍ഷം, മമതയുടെ ചിത്രങ്ങള്‍ വിറ്റ് തൃണമൂല്‍ സമ്പാദിച്ചത് 6.47 കോടി രൂപ

കൊല്‍ക്കത്ത: രണ്ട് വര്‍ഷത്തില്‍ മമത ബാനര്‍ജിയുടെ ചിത്രങ്ങള്‍ വിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ചത് 6,46,90,000 കോടി രൂപ. 2011-മുതല്‍ 2013 വരെയുള്ള രണ്ട് സാമ്പത്തിക വര്‍ഷത്തിനിടെയാണ് ചിത്രവില്‍പ്പനയിലൂടെ മമത ഇത്രയും തുക സമ്പാദിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 2013 ന് ശേഷം ഇതുവരെ ചിത്രങ്ങള്‍ വിറ്റ് പാര്‍ട്ടി ഒരു രൂപപോലും സമ്പാദിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വെളിപ്പെടുത്തുന്നു.

2011-ന് മുമ്പും പെയിന്റിങിലൂടെ സമ്പാദ്യമില്ലെന്ന് എന്‍.ഡി.എ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാളില്‍ ആദ്യമായി അധികാരത്തിലെത്തിയ ആദ്യ രണ്ടു വര്‍ഷത്തിലാണ് മമതയുടെ പെയിന്റിങിലൂടെ പാര്‍ട്ടി 6,46,90,000 കോടി രൂപ വരുമാനം നേടിയത്. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട കമ്പനികളാണ് മമതയുടെ പെയിന്റിങുകള്‍ വാങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മമത തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യാവാങ്മൂലത്തിലൂടെ ഈ ആരോപണം കൂടുതല്‍ ബലപ്പെടുകയാണ്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയും മമതക്കെതിരെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഇതുസംബന്ധിച്ച് പ്രതികരണത്തിന് തയ്യാറായിട്ടില്ല.