വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധം; ട്വിറ്റര്‍ പ്രൊഫൈല്‍ ഫോട്ടോമാറ്റി മമതയും മറ്റ് തൃണമൂല്‍ നേതാക്കളും

കൊല്‍ക്കത്ത: നവോത്ഥാന നായകന്‍ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതിനെതിരെ പ്രതിഷേധിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ട്വിറ്ററിലെ പ്രൊഫൈല്‍ചിത്രം
വിദ്യാസാഗറിന്റേതാക്കി മാറ്റി.

ചൊവ്വാഴ്ച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്തയിലെ റാലിക്കിടയിലുണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്. ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പേരിലുളള കോളേജിലെ പ്രതിമയാണ് തകര്‍ത്തത്.
ഇതിനെതിരെ പ്രതിഷേധിച്ചാണ് ട്വിറ്ററിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടി ചെയ്തു.

ബിജെപി പ്രവര്‍ത്തകരാണ് പ്രതിമ തകര്‍ത്തതെന്ന് തൃണമൂല്‍ ആരോപിക്കുന്നു. അമിത് ഷായുടെ റാലിക്കിടെ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടലിലാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന ബിജെപി പ്രവര്‍ത്തകരും ഗുണ്ടകളും അമിത് ഷായുടെ സാന്നിധ്യത്തിലാണ് പ്രതിമ തകര്‍ത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍. ഉച്ചത്തിലുളളതും വ്യക്തവുമായ സന്ദേശം ബാലറ്റ് പെട്ടി തുറക്കുമ്പോള്‍
ബംഗാള്‍ തരുമെന്നും അമിത് ഷായോട് മറ്റെവിടെയെങ്കിലും ഭാഗ്യം തിരയൂ എന്നുകൂടി ഡെറിക് പറയുകയായിരുന്നു.

അതേസമയം പ്രതിമ തകര്‍ത്തതിനെതിരെ ബംഗാള്‍ കോണ്‍ഗ്രസ് തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് രംഗത്തെത്തിയിട്ടുണ്ട്.